ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി 4968 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വിദേശ കാര്‍ നിര്‍മ്മാണ കമ്പനി നോട്ടീസ് അയച്ചു. തമിഴ്നാട് സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനാല്‍ തങ്ങള്‍ക്ക് ഭീമമായ നഷ്ടമുണ്ടായെന്ന് കാണിച്ച് ജപ്പാനീസ് കമ്പനിയായ നിസാനാണ് നരേന്ദ്ര മോദിക്ക് നോട്ടീസ് അയച്ചത്. 77 കോടി ഡോളറാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ രാജ്യാന്തര തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍.

ഫ്രഞ്ച് കാര്‍ നിര്‍മാണ കമ്പനിയായ റെനോയുമായി ചേര്‍ന്നു ചെന്നൈയില്‍ കാര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ 2008ല്‍ ഒപ്പുവച്ച കരാറുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. നികുതി ഇളവ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ കരാറിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഇവ നല്‍കിയില്ല. ഇക്കാര്യം ഓര്‍മിപ്പിച്ച് പലവട്ടം കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് കമ്പനി ചെയര്‍മാന്‍ നേരിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും പരിഗണിച്ചില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്യാന്തര തര്‍ക്ക പരിഹാര സംവിധാനത്തിലേക്കു നീങ്ങാന്‍ തീരുമാനിച്ചതെന്നു കമ്പനി പറയുന്നു.

എന്നാല്‍ ഇത്തരം നടപടികളിലേക്ക് പോകാതെ തന്നെ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.