ദില്ലി: ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ആദ്യ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിക്കത്ത് നല്‍കി. രാജ്യത്തെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കായി രൂപീകരിച്ച സമിതിയുടെ ഉപാധ്യക്ഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് 31 വരെ അദ്ദേഹം ചുമതലയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അരവിന്ദ് പനഗരിയ അവിടേക്ക് തന്നെ മടങ്ങുമെന്നാണ് സൂചന. കൊളംബിയ സര്‍വകലാശാലയിലെ ഇക്കണോമിക്സ് വിഭാഗത്തില്‍ പ്രഫസറായിരുന്നു അദ്ദേഹം. 65 വര്‍ഷത്തെ പാരമ്പര്യമുണ്ടായിരുന്ന ദേശീയ പ്ലാനിങ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ 2015 ജനുവരി ഒന്നിനാണ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പ്ലാനിങ് കമ്മീഷന്‍ പോലെ പ്രധാനമന്ത്രി തന്നെയാണ് നീതി ആയോഗിന്റെയും അധ്യക്ഷന്‍.