പൈപ്പ് വഴി പ്രകൃതി വാതകം ഉപയോഗിക്കുന്നവര്‍ക്കും, ജൈവ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കും നിലവില്‍ സബ്സിഡി ലഭിക്കുന്നില്ല

ദില്ലി: ഇന്ത്യയില്‍ നിലവിലുളള എല്‍പിജി സബ്സിഡി പിന്‍വലിച്ച് പകരം പാചക വാതക സബ്സിഡി ഏര്‍പ്പെടുത്തുന്ന നയരൂപീകരണത്തില്‍ പ്രവര്‍ത്തിച്ചുവരുകയാണെന്ന് നിതി ആയോഗ്. വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് ഇത്തരത്തിലൊരു നയമാറ്റത്തെപ്പറ്റി നിതി ആയോഗ് ആലോചിക്കുന്നതായി അറിയിച്ചത്. നിലവില്‍ പൈപ്പ് വഴി പ്രകൃതി വാതകം ഉപയോഗിക്കുന്നവര്‍ക്കും, ജൈവ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കും സബ്സിഡിയുടെ പ്രയോജനം ലഭിക്കുന്നില്ല. 

ഇവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സബ്സിഡി വിതരണം വിപുലീകരിക്കാനാണ് നയത്തില്‍ മാറ്റം വരുത്തുന്നത്. നിലവില്‍ എല്‍പിജി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. ഇത് പൈപ്പ് വഴിയുളള പ്രകൃതി വാതക ഉപയോഗിക്കാന്‍ ജനത്തിനുളള താല്‍പര്യം കുറച്ചു. ഗ്രാമീണ മേഖലയിലെ ജൈവ ഇന്ധന ഉപയോഗത്തിലും സബ്സിഡി ലഭിക്കാത്ത അവസ്ഥ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.

ഇത്തരം പ്രതിസന്ധികള്‍ക്കുളള ഉത്തമ പരിഹാരമാണ് പാചക വാതക സബ്സിഡി. പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്കെല്ലാം ഇതിന് കീഴില്‍ സബ്സിഡി ലഭിക്കും. പാചക വാതക സബ്സിഡി വിഷയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ദേശീയ ഉര്‍ജ്ജ നയം 2030 ല്‍ ഉള്‍ക്കൊള്ളിക്കാനാണ് നിതി ആയോഗിന്‍റെ ആലോചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.