15 ഇന കര്‍മ്മ പദ്ധതിയാണ് നിതി ആയോഗ് തയ്യാറാക്കിയത് 

ദില്ലി: രാജ്യത്ത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി 15 ഇന കര്‍മ്മ പദ്ധതി തയ്യാറാക്കി നിതി ആയോഗ്. രാജ്യത്തെ ഏറ്റവും വായു മലിനീകരണം അനുഭവിക്കുന്ന 10 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 

കാണ്‍പൂര്‍, ഫരിദാബാദ്, ഗയ, വാരണാസി, ആഗ്ര, ഗുര്‍ഗാവോണ്‍, മുസാഫര്‍പുര്‍, ലഖ്നൗ, പാട്ന, ദില്ലി എന്നിവയാണ് രാജ്യത്ത് മലിനീകരണം രൂക്ഷമായ പത്ത് നഗരങ്ങള്‍. ഇവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മലിനീകരണം ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ഇന്ത്യയിലെ ആദ്യ പത്ത് നഗരങ്ങളുടെ ഇവയായിരുന്നു.

ബ്രീത്ത് ഇന്ത്യയെന്നാണ് നിതി ആയോഗ് കര്‍മ്മ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ ഡീസല്‍ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തുക, വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിച്ച് മലിനീകരണം സൃഷ്ടിക്കുന്നതിന് പകരം അവ സാമൂഹ്യ നന്മയ്ക്ക് ഉപയോഗപ്പെടുന്ന തരത്തില്‍ നയം രൂപികരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായ നടപടികള്‍. 

പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുളള പൊടിക്കാറ്റ് മൂലം കഴിഞ്ഞമാസം രാജ്യതലസ്ഥാനമായ ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമായതായി കേന്ദ്ര മലിനീകരണം നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു.