ജൂണ്‍ 30ന് മുമ്പുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് 18 ശതമാനം ചരക്ക് സേവന നികുതി ബാധകമാവില്ലെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹശ്മുഖ് അദിയ വ്യക്തമാക്കി. ഇത്തരം ബില്ലുകള്‍ അടയ്ക്കുന്നത് ജൂലൈ മാസത്തിലാണെങ്കില്‍ പോലും പഴയത് പോലെ 15 ശതമാനം സേവന നികുതി മാത്രം നല്‍കിയാല്‍ മതിയാവും. മൊബൈല്‍ ബില്ലുകള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുമെല്ലാം ഈ ഇളവ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നിന് മുമ്പ് പുറത്തിറങ്ങിയ എല്ലാത്തരം ബില്ലുകള്‍ക്കും പഴയ നിരക്കിലുള്ള സേവന നികുതി മാത്രമാണ് അടയ്ക്കേണ്ടത്. വ്യാപാരികള്‍ വിതരണക്കാര്‍ക്ക് നല്‍കുന്ന പണത്തിന്റെയും ബില്ലുകള്‍ ജി.എസ്.ടിക്ക് മുന്‍പുള്ള തീയ്യതിയിലേത് ആണെങ്കില്‍ അതിനും പഴയ നികുതി നിരക്ക് തന്നെയാണ് ബാധകമായി വരുന്നത്. ഇന്ത്യയില്‍ മിക്കവാറും വ്യാപാര ഇടപാടുകള്‍ രണ്ട് മാസത്തോളമുള്ള ക്രെഡിറ്റ് വ്യവസ്ഥയില്‍ നടക്കുന്നത് കൊണ്ട് അപ്പോഴത്തെ ബില്ലുകളൊന്നും ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍ പോലും അധിക നികുതി ബാധ്യത വരില്ല. ബില്‍ തീയ്യതി അനുസരിച്ച് മാത്രമായിരിക്കും അവയ്ക്കെല്ലാം നികുതി നിശ്ചയിക്കുന്നത്.
അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തെ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അത്തരം സാഹചര്യത്തില്‍ സാധനങ്ങള്‍ എവിടെ നിന്നാണോ കയറ്റി അയക്കുന്നത് അവിടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും റവന്യൂ സെക്രട്ടറി വിശദീകരിച്ചു. യൂബര്‍ പോലുള്ള ടാക്സി സേവനങ്ങള്‍ നടത്തുന്ന കമ്പനികളില്‍ ഓരോ ഡ്രൈവര്‍മാരും ജി.എസ്.ടി രജിസ്ട്രേഷന്‍ നടത്തേണ്ട ആവശ്യമില്ല. പകരം കമ്പനിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇ-കൊമേഴ്സ് കമ്പനികള്‍ക്കെല്ലാം ജി.എസ്.ടി രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്നും ഹശ്മുഖ് അദിയ പറഞ്ഞു.
