5000 രൂപയില്‍ കൂടുതലുള്ള പഴയനോട്ടുകള്‍ ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂവെന്ന തരത്തില്‍ റിസര്‍വ്വ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണം വിവാദമായതോടെയാണ് വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തെത്തിയത്. 5000 രൂപയില്‍ കൂടുതല്‍ ഒരു തവണ നിക്ഷേപിക്കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന വിശദീകരണവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി രംഗത്തെത്തി.

രാജ്യത്തെ എല്ലാ എ.ടി.എമ്മുകളും പുനക്രമീകരിച്ചതായും ആവശ്യത്തിന് പണം റിസര്‍വ് ബാങ്കിന്റെ കൈയ്യിലുണ്ട്. ഇ-പെയിമെന്റ് വഴി പണം സ്വീകരിക്കുന്ന, രണ്ട് കോടി വാര്‍ഷിക വിറ്റുവരവുള്ള കച്ചവടക്കാര്‍ക്ക് രണ്ട് ശതമാനം നികുതിയിളവ് നല്‍കിയതായും അരുണ്‍ ജെയ്റ്റ്‍ലി അറിയിച്ചു. പഴയനോട്ടുകള്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന സമയത്തായിരുന്നു എല്ലാ ദിവസവും പഴയനോട്ട് നിക്ഷേപിക്കാന്‍ വന്നിരുന്നതെങ്കിലും മനസിലാക്കാമെന്നും എന്നാല്‍ ഇപ്പോഴഉം എല്ലാ ദിവസവും നിക്ഷേപിക്കാന്‍ പഴയ നോട്ട് എവിടെ നിന്നാണ് കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി വസ്‌ത്രങ്ങള്‍ മാറുന്നത് പോലെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ മാറ്റുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. ഈ മാസം 30വരെ പണം നിക്ഷേപിക്കാമെന്ന ഉറപ്പാണ് പ്രധാനമന്ത്രി ലംഘിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഒരാള്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ടില്ലെങ്കില്‍ എന്താണ് പുതിയ നിബന്ധന എന്നറിയാത്ത അവസ്ഥയാണെന്നും  ഇത് പരിതാപകരമാണെന്നും കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു. ആര്‍.ബി.ഐയുടെ പുതിയ വിജ്ഞാപനം ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി. 

ഇതിനിടെ കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഇ-മെയില്‍ വിലാസത്തിലേക്ക് കഴിഞ്ഞ 72 മണിക്കൂറിനിടെ 4000 പരാതികള്‍ ലഭിച്ചുവെന്ന് കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.