ഇന്‍ഫോസിസ് ചെയര്‍മാനായി ചുമതലയേറ്റ നന്ദന്‍ നിലേകാനിക്ക് ആ പദവിയില്‍ പ്രത്യേകം ശമ്പളമൊന്നും നല്‍കില്ലെന്ന് ഇന്‍ഫോസിസ് അറിയിച്ചു. റൊട്ടേഷന്‍ അനുസരിച്ചായിരിക്കും നിലേകാനി പദവിയില്‍ നിന്ന് വിരമിക്കുകയെന്നും ബോര്‍ഡ് ഓഫ് സെക്യൂരിറ്റി എക്സേഞ്ചില്‍ കമ്പനി നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു, രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസില്‍ പ്രതിസന്ധികള്‍ക്കൊടുവിലാണ് നിലേകാനി ചെയര്‍മാനായെത്തിയത്.
1981ലാണ് ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നന്ദന്‍ നിലേകാനി ആദ്യം എത്തിയത്. പിന്നീട് 2009, ജൂലൈ ഒന്‍പത് വരെ തുടര്‍ന്നു. 34 ലക്ഷം രൂപയാണ് അദ്ദേഹം അവസാനമായി കൈപ്പറ്റിയ ശമ്പളം. ഇന്‍ഫോസിസിന്റെ 2,12,83,480 ഇക്വിറ്റി ഷെയറുകളും അദ്ദേഹത്തിന് സ്വന്തമാണ്. കമ്പനിയുടെ ഇടക്കാല സി.ഇ.ഒ ആയി ചുമതലയേറ്റ യു.ബി പ്രവീണ്‍ റാവുവിന് 5,55,520 ഷെയറുകളുണ്ട്. നേരത്തെ വാങ്ങിയിരുന്ന ശമ്പളം തന്നെയാവും അദ്ദേഹത്തിന് ലഭിക്കുക. 2017ല്‍ 7.8 കോടിയാണ് പ്രവീണ്‍ റാവു ശമ്പളം വാങ്ങിയത്.
