ദില്ലി: അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരമായി പുതിയ 1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. ചെറിയ മൂല്യമുള്ള കറന്‍സികള്‍ കൂടുതലായി അച്ചടിക്കുന്നതിനാലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ 1000 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശക്തികാന്ത് ദാസ്. എ.ടി.എമ്മുകളിലെ പണത്തിന്റെ ക്ഷാമം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആളുകള്‍ ആവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്ന പ്രവണത ഉപേക്ഷിക്കണം. അഞ്ഞൂറിനും അതിനു താഴെ മൂല്യമുള്ള നോട്ടുകളും കൂടുതല്‍ അച്ചടിക്കാനാണ് തീരുമാനമെന്നും ശക്തികാന്ത് ദാസ് ട്വീറ്റ് ചെയ്തു.