മുംബൈ: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ശമ്പളമോ മറ്റ് കമ്മീഷനുകളോ വാങ്ങേണ്ടെന്ന് ചെയര്‍മാന്‍ അനില്‍ അംബാനി തീരുമാനിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ (ആര്‍ കോം) നഷ്ടക്കണക്ക് ഏകദേശം 45,000 കോടി കടന്നിരിക്കുകയാണ്.

നഷ്ടം നികത്താനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ പ്രമോട്ടര്‍മാരെല്ലാം ഇത്തരത്തില്‍ കടുത്ത തീരുമാനങ്ങളെടുത്തതെന്ന് ആര്‍കോം വക്താവ് പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ പാദത്തില്‍ 966 കോടിയുടെ ബാധ്യതയാണ് റിലയന്‍സിനുള്ളത്. അടുത്ത ഒരു വര്‍ഷത്തേക്ക് കമ്പനിയുടെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരെല്ലാം പ്രതിമാസം 21 ദിവസത്തെ ശമ്പളം മാത്രമേ വാങ്ങുകയുമുള്ളൂ. ഒരുകാലത്ത് വിപണിയില്‍ തരംഗം സൃഷ്ടിച്ച റിലയന്‍സ് ടെലികമ്മ്യൂണിക്കേഷന്‍സ് ഇപ്പോള്‍ മറ്റ് കമ്പനികളില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. അടുത്തിടെ സ്വന്തം സഹോദരന്‍ മുകേശ് അംബാനി തുടങ്ങിയ റിലയന്‍സ് ജിയോ എല്‍പ്പിക്കുന്ന പരിക്കും ചില്ലറയല്ല. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും അനില്‍ അംബാനി ശമ്പളമോ കമ്മീഷനോ ആര്‍ കോമില്‍ നിന്ന് വാങ്ങിയിരുന്നില്ല. പകരം കമ്പനിയുടെ ബോര്‍ഡ് മീറ്റിങുകളില്‍ പങ്കെടുത്തതിനുള്ള സിറ്റിങ് ഫീസായി 5.6 ലക്ഷം രൂപ മാത്രമാണ് വാങ്ങിയത്. 2011 വരെ 17 കോടി ശമ്പളം വാങ്ങിയിരുന്ന അനില്‍ അംബാനി 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.5 കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു മൂന്നിലൊന്ന് ശമ്പളം മാത്രം വാങ്ങാനുള്ള തീരുമാനം. എന്നാല്‍ ഇവിടെ നിന്ന് 2017 ആയപ്പോഴേക്കും ശമ്പളമായി ഒരു രൂപ പോലും വാങ്ങാത്ത സ്ഥിതിയിലേക്ക് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മാറി. ഇപ്പോള്‍ സ്വീകരിക്കുന്ന ചില അടിന്തര നടപടികളിലൂടെ വരുന്ന സെപ്തംബര്‍ ആവുമ്പോഴേക്കും കട ബാധ്യത 45,000 കോടിയില്‍ നിന്ന് 25,000 കോടിയാക്കി കുറയ്ക്കാനാവുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.