കൊച്ചി: ചരക്ക് സേവന നികുതി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോള്‍, വിപണിയില്‍ ആവശ്യത്തിന് ചരക്ക് എത്തുന്നില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. പലവ്യജ്ഞനങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വരവ് പകുതിയായി.
വിലയിലെ ആശയക്കുഴപ്പം തീരാത്തതാണ് വിപണിയില്‍ ഉത്പന്നങ്ങള്‍ എത്താത്തതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. കേരളത്തിലേക്ക് പലവ്യജ്ഞനങ്ങളും ധാന്യങ്ങളും എത്തിക്കുന്ന തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്. എന്നാല്‍ ചരക്ക് സേവന നികുതിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് പറഞ്ഞ് ഉത്പന്നങ്ങള്‍ കൈമാറാന്‍ മൊത്തക്കച്ചവടക്കാര്‍ തയ്യാറാകുന്നില്ല. ഇത് നിമിത്തം മധ്യകേരളത്തിലേക്കുള്ള പലവ്യജ്ഞനങ്ങളുടെയും ധാന്യങ്ങളുടെയും വരവ് പകുതിയായി.
ജൂലൈ ഒന്നിന് ശേഷം സംസ്ഥാനത്തെ വസ്‌ത്രശാലകളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് തുണിത്തരങ്ങളൊന്നും എത്തുന്നില്ല. തുണിത്തരങ്ങള്‍ക്ക് ജി.എസ്.ടി ചുമത്തിയതില്‍ പ്രതിഷേധിച്ച് ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരമാണ് ഇതിന് കാരണം. ഓണ വിപണി ലക്ഷ്യമിട്ട് സ്റ്റോക്കെടുക്കുന്ന സമയത്ത് ഉടലെടുത്ത പ്രതിസന്ധി നീണ്ടാല്‍ ഉത്സവ സീസണിലെ കച്ചവടം അവതാളത്തിലാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
