തിരുവനന്തപുരം: സംസ്ഥാനത്ത് 6 പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി അനുമതി. എറണാകുളത്ത് മൂന്നും ആലപ്പുഴ തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നു വീതം ഹോട്ടലുകള്‍ക്കുമാണ്ബാര്‍ ലൈസന്‍സ്. നാല് ഹോട്ടലുകള്‍ ത്രീസ്റ്റാറില്‍ നിന്നും ഫൈവ് സ്റ്റാറിലേക്ക് നിലവാരം ഉയര്‍ത്തിയവയാണ്. ഇതില്‍ എറണാകുളത്തെ സാജ് എര്‍ത്ത് റിസോര്‍ട്ടിന് അനുമതി കിട്ടിയത് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.

ഇതോടെ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളുടെ എണ്ണം 23 ല്‍ നിന്നും 29 ആയി. 10 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കൂടി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ എന്നാണ് യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം. 

അതേ സമയം ആറ് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് മദ്യനയത്തിന്റെ ഭാഗമാണ്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല, ത്രീസ്റ്റാറിനും ഫോര്‍ സ്റ്റാറിനും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.