പഴയ 1000, 500 രൂപ ആയിരം രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കടുത്ത നിയന്ത്രണം. 5000 രൂപയില്‍ കൂടുതലുള്ള നിക്ഷേപം നിബന്ധനയ്‌ക്ക് വിധേയമായി ഒറ്റതവണ മാത്രമേ ഒരക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കൂ. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇപ്പോഴുള്ള പരിധിയില്‍ ഡിസംബര്‍ 30 ന് മാറ്റം വരുമെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാല്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയം നല്‍കിയിരുന്നെങ്കിലും ഇന്നുമുതല്‍ ഇതിനു കടുത്ത നിയന്ത്രണം ആണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 5000 രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ ഇനി ഒരക്കൗണ്ടില്‍ ഒറ്റതവണയേ നിക്ഷേപിക്കാനാകു. 5000 രൂപയില്‍ കൂടുതല്‍ കൊണ്ടു വരുന്നവരോട് രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ സംയുക്തമായി വിശദീകരണം ആരാഞ്ഞ് അത് തൃപ്തികരമെങ്കിലേ പണം വാങ്ങൂ. ഇതുവരെ ഇത് നിക്ഷേപിക്കാത്തതിന് കാരണമാകും ചോദിക്കുക. 5000 രൂപയില്‍ താഴെയെങ്കില്‍ ചോദ്യങ്ങളില്ലാതെ നിക്ഷേപിക്കാം. എന്നാല്‍ ഇങ്ങനെ നിക്ഷേപിക്കുന്ന തുക ഒന്നില്‍കൂടുതല്‍ തവണയായി അയ്യായിരം കടന്നാല്‍ പിന്നെ നിബന്ധന ബാധകമാകും. കൈവൈസി വിവരങ്ങള്‍ ഇല്ലാത്ത അക്കൗണ്ടില്‍ ഏതു സാഹചര്യത്തിലാണെങ്കിലും 50,000 രൂപയില്‍ കൂടുതല്‍ സ്വീകരിക്കരുത് എന്ന നിര്‍ദ്ദേശവുമുണ്ട്. പഴയ നോട്ട് പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ പദ്ധതിയില്‍ നിക്ഷേപിക്കാനാണെങ്കില്‍ മാത്രം ഈ നിബന്ധനകള്‍ ബാധകമാകില്ല. ഇപ്പോള്‍ പണം പിന്‍വലിക്കുന്നതിന് ആഴ്ചയില്‍ 24,000 രൂപ എന്ന പരിധി മാറും എന്ന കേന്ദ്ര ധനകാര്യസഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാല്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന പൊതുബജറ്റില്‍ ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കാമെന്നും ധനകാര്യ സഹമന്ത്രി വ്യക്തമാക്കി. മുപ്പതാം തീയതിക്ക് ശേഷം സഹകരണ മേഖലയ്‌ക്കും ചില ഇളവുകള്‍ പ്രഖ്യാപിക്കും. ആയിരം രൂപയുടെ നോട്ടുകള്‍ തിരികെ കൊണ്ടു വരാന്‍ ആലോചനയില്ലെന്നും ധനകാര്യ സഹമന്ത്രി വ്യക്തമാക്കി.