ഈ പുതിയ സൗകര്യം ആദായ നികുതി റീഫണ്ടുകള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍ എന്നിവ വേഗത്തിലും കൃത്യമായും പ്രോസസ്സ് ചെയ്യാന്‍ സഹായിക്കം
ആദായ നികുതി റീഫണ്ടുകള്‍ വേഗത്തിലാക്കുന്നതിനും തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട്, ആദായ നികുതി വെബ്‌സൈറ്റില്‍ തത്സമയം പാന്‍-ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചു. നികുതിദായകര്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. പുതിയ സംവിധാനത്തിന്റെ ഭാഗമായി, പാന്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടിന്റെ നിലവിലെ അവസ്ഥ, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ തത്സമയം പരിശോധിക്കാന്‍ കഴിയുന്ന ഒരു പുതിയ അപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) എന്‍പിസിഐ പുറത്തിറക്കിയിട്ടുണ്ട്.
പാന്‍ വാലിഡേഷന്‍, അക്കൗണ്ട് സ്റ്റാറ്റസ് വാലിഡേഷന്‍, അക്കൗണ്ട് ഉടമയുടെ പേര് വാലിഡേഷന്‍ എന്നിവ പോലുള്ള ഉപഭോക്തൃ അക്കൗണ്ട് വിവരങ്ങള്‍ ബാങ്കുകളുടെ സിബിഎസില്‍ നിന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഈ എപിഐ ഉപയോഗിക്കും,. രണ്ട് സിസ്റ്റങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ പാലമാണ് എപിഐ. ഈ സാഹചര്യത്തില്‍, ആദായ നികുതി പോര്‍ട്ടല്‍ പോലുള്ള സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ബാങ്കുകളുടെ സിസ്റ്റങ്ങളില്‍ നിന്ന് സുരക്ഷിതമായും തല്‍ക്ഷണമായും വിവരങ്ങള്‍ ലഭ്യമാക്കാന്‍ എപിഐ സഹായിക്കും.
ആദായ നികുതി റീഫണ്ടുകള്‍ വേഗത്തിലാകുമോ?
ഈ പുതിയ സൗകര്യം ആദായ നികുതി റീഫണ്ടുകള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍ എന്നിവ വേഗത്തിലും കൃത്യമായും പ്രോസസ്സ് ചെയ്യാന്‍ സഹായിക്കം. ഇത് കാലതാമസം കുറയ്ക്കുകയും തട്ടിപ്പ് സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.
നികുതിദായകര്‍ക്ക് എന്താണ് പ്രയോജനം? പുതിയ വെരിഫിക്കേഷന്‍ സംവിധാനം നികുതിദായകര്‍ക്ക് താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു: പാന്‍-ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്ന പ്രക്രിയ വേഗത്തിലാക്കും. പരിശോധനാ വേളയിലെ തെറ്റുകള്‍ കുറയ്ക്കും. റീഫണ്ടുകളും മറ്റ് നികുതി സംബന്ധിയായ പേയ്മെന്റുകളും വേഗത്തില്‍ ലഭിക്കുന്നത് ഉറപ്പാക്കും. നികുതിദായകരുടെ ഡാറ്റാ പരിശോധനയുടെ സുരക്ഷയും വിശ്വാസ്യതയും മെച്ചപ്പെടുത്തും.

