തിരുവനന്തപുരം: അമ്പത് വര്‍ഷത്തിലേറെ സമയമെടുത്താണ് പ്രവാസി പണത്തിന്‍റെ വരവ് ഒരു ലക്ഷം കോടി കടന്നതെങ്കില്‍, അത് ഇരട്ടിയായ രണ്ട് ലക്ഷം കോടി രൂപയ്ക്കടുത്തേക്ക് എത്താന്‍ വെറും അഞ്ച് വര്‍ഷം മാത്രം മതിയാകും. 2014 ഡിസംബറിലാണ് സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലേക്കുളള പ്രവാസി പണത്തിന്‍റെ ഒഴുക്ക് ഒരു ലക്ഷം കോടി രൂപയിലെത്തിയത്. 2019 ല്‍ പ്രവാസി പണത്തിന്‍റെ ഒഴുക്ക് രണ്ട് ലക്ഷം കോടി രൂപ കടക്കുമെന്നാണ് കണക്കാക്കുന്നത്. 2019 ല്‍ പ്രവാസി പണത്തിന്‍റെ ഒഴുക്ക് ഇതോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

എന്നാല്‍, ക്രൂഡ് ഓയിലിന്‍റെ വിലയില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ രീതിയില്‍ ഇടിവ് പ്രകടിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ പ്രവാസി പണത്തിന്‍റെ ഒഴുക്കില്‍ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ന്ന് വരുന്ന സ്വദേശിവല്‍ക്കരണവും പ്രവാസികളുടെ തൊഴിലിന്  ഭീഷണിയാണ്.

2018 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി പണം 1,81,623 കോടിയാണ്. മുന്‍ വര്‍ഷത്തെ ഇതേ പാദത്തെക്കാള്‍ 15 ശതമാനം കൂടുതല്‍ തുകയാണിത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1,57,926 കോടിയായിരുന്നു ബാങ്കുകളിലെ നിക്ഷേപം. 

ബ്രിട്ടണ്‍, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പണത്തിന്‍റെ വരവ് വലിയ രീതിയില്‍ കൂടിയതാണ് പ്രവാസികളുടെ (എന്‍ആര്‍കെ)  നിക്ഷേപങ്ങള്‍ ഉയരാന്‍ കാരണമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെവി ജോസഫ് അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.