ഒഡീഷ: കോടതിയുടെ കണ്ണ് തുറപ്പിക്കാന്‍ വൃദ്ധ മാതാപിതാക്കളെയും തോളിലേറ്റി ഒഡീഷ സ്വദേശി നടന്നത് 40 കിലോമീറ്റര്‍. തനിക്കെതിരെ ചുമത്തിയ വ്യാജകേസ് പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് മയൂര്‍ ഭഞ്ജ് കോടതിയിലേക്കായിരുന്നു ആദിവാസിയായ കാര്‍ത്തിക് സിംഗ് അച്ഛനമ്മമാരെ തോളിലേറ്റി പോയത്.
2009 ല്‍ ഇയാള്‍ക്കെതിരെ മോറോഡ പൊലീസ് വ്യാജ എഫ്‌ഐആര്‍ ചുമത്തി 18 ദിവസം ജയിലില്‍ അടച്ചു. ഇതോടെ കാര്‍ത്തികിന്റെ ജീവിതം മാറി മറിഞ്ഞു. അഭ്യസ്തവിദ്യനായിട്ടും കേസ് നിലനില്‍ക്കുന്നതിനാല്‍ എവിടേയും ജോലി ലഭിക്കുന്നില്ല, ആരും കൂലിപ്പണിക്ക് പോലും വിളിക്കുന്നില്ല. ജയിലില്‍ പോയതിനാല്‍ ഗോത്രത്തില്‍ നിന്നും കാര്‍ത്തികിനെ പുറത്താക്കി.
കേസുള്ളതിനാല്‍ വിവാഹം നടക്കുന്നില്ല. പ്രായമായ അച്ഛനമമ്മമാരേയും പരിചരിക്കാന്‍ ആളില്ലാതായതോടെ കാര്‍ത്തികിന്റെ ജീവിതം ദുരിതത്തിലായി. പ്രായമായ മാതാപിതാക്കളെ വീട്ടില്‍ തനിച്ചാക്കി എവിടേയും പോകാനുമാകില്ല. ഈ സങ്കടങ്ങളെല്ലാം കോടതിയെ നേരിട്ട് അറിയിക്കാനായിരുന്നു കാര്‍ത്തികിന്റെ ശ്രമം. ജോലി തേടി ജില്ലാ കളക്ടര്‍കര്‍ക്ക് വരെ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരും പരാതി കേട്ടില്ലെന്നും കാര്‍ത്തിക് പറയുന്നു. ഇനിയെങ്കിലും കോടതി തന്റെ അവസ്ഥ കണ്ട് കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
