ദില്ലി: രാജ്യത്ത് ഇന്ധനവില ഓരോ ദിവസവും കുതിച്ചുയരവെ, സര്‍ക്കാറില്‍ നിന്നുള്ള നികുതി ആശ്വാസമാണ് ഏവരും പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തില്‍ ഇതിന് ആശ്വാസമാകുന്ന തരത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയത്തിന് നല്‍കിയതെന്ന് ഉന്നത ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിര്‍ണ്ണായകമായ പല സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷവും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷവും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ദ്ധവിന്റെ പേരില്‍ കടുത്ത സമ്മര്‍ദ്ദം സര്‍ക്കാര്‍ നേരിടുന്നുണ്ട്. 40 മുതല്‍ 50 ശതമാനം വരെ നികുതികൂടി ഈടാക്കുന്നതിനാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ഏറ്റവും വലിയ ഇന്ധനവില ഇന്ത്യയിലാണ്. എന്നാല്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ശുപാര്‍ശമാത്രമേ നല്‍കാനാവൂ എന്നും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ധനകാര്യമന്ത്രാലയമാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരുടെ നിലപാട്. ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷം റവന്യൂ വരുമാനത്തില്‍ കാര്യമായ ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ ധനകാര്യ മന്ത്രാലയം എന്ത് തീരുമാനമെടുക്കുമെന്നത് വ്യക്തമാവാന്‍ ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്ന് വരെ കാത്തിരിക്കേണ്ടി വരും.