അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിക്ക് നഗരത്തിനകത്തുള്ള യാത്രകളില്‍ ഒരു രൂപയാണ് പ്രീമിയം ഈടാക്കുന്നത്.

ദില്ലി: ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഒല, യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. ആകോ ജനറല്‍, ഐ.സി.ഐ.സി.ഐ എന്നീ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. യാത്രയ്ക്കിടെ ലാപ്‍ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ലഗേജുകള്‍ നഷ്ടപ്പെടല്‍, വിമാനയാത്ര മുടങ്ങല്‍, അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി ചെലവുകള്‍, ആംബുലന്‍സ്, ഗതാഗത ചിലവുകള്‍ തുടങ്ങിയയ്ക്ക് ഇന്‍ഷുറന്‍സ് തുക കിട്ടും. 

അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിക്ക് നഗരത്തിനകത്തുള്ള യാത്രകളില്‍ ഒരു രൂപയാണ് പ്രീമിയം ഈടാക്കുന്നത്. വാഹനങ്ങള്‍ വാടകയ്ക്ക് വിളിക്കുന്ന ഒല റെന്റലിന് 10 രൂപയും ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ഒല ഔട്ട് സ്റ്റേഷന്‍ സര്‍വ്വീസുകള്‍ക്ക് 15 രൂപയുമാണ് പ്രീമിയം. വാഹനങ്ങള്‍ ഒല ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് പോളിസിയും വാങ്ങാം. വിവിധ കാറ്റഗറി വാഹനങ്ങള്‍ക്കുള്ള മൈക്രോ, മിനി, പ്രൈം, ഓട്ടോ, ഔട്ട്സ്റ്റേഷന്‍ തുടങ്ങിയവയ്ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് പോളിസി വാങ്ങാതെയും യാത്രകള്‍ ബുക്ക് ചെയ്യാം.