മുംബൈ: നോട്ട് നിരോധനത്തിലൂടെ അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപോ നോട്ടുകളുടെ വന്‍ശേഖരം ഓരോ ദിവസവും പിടിക്കപ്പെടുന്ന സംഭവങ്ങള്‍ എല്ലാ ദിവസവും വാര്‍ത്തയാകാറുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള എല്ലാ അവസരങ്ങളും അവസാനിച്ചിട്ടും പഴയ നോട്ടുകള്‍ ഇപ്പോഴും എങ്ങോട്ടാണ് കടത്തുന്നതെന്നത് ദുരൂഹമായി അവേശേഷിക്കുകയാണ്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കും റിസര്‍വ് ബാങ്കിനും പോലും എന്തിനാണ് ഈ പഴയ നോട്ടുകള്‍ കടത്തുന്നതെന്നോ അവ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ സംബന്ധിച്ച് ഒരു പിടിയുമില്ല.

കേരളത്തില്‍ നിന്നടക്കം നോട്ടുകള്‍ കടത്തുന്നവരെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇത് ഇവരെയൊക്കെ ചോദ്യം ചെയ്തതില്‍ നിന്നും എവിടേക്കാണ് ഇത് കൊണ്ടുപോകുന്നതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിശ്ചിത സ്ഥലങ്ങള്‍ വരെ നോട്ടുകള്‍ എത്തിക്കാന്‍ നിയോഗിക്കപ്പെടുന്ന ഇടനിലക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. ഇവര്‍ക്ക് ഇത് കൈമാറിയത് ആരാണെന്നോ അവര്‍ക്ക് ഇത് എവിടെ നിന്ന് ലഭിക്കുന്നുവെന്നോ അവര്‍ക്ക് അറിയില്ല. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നോട്ടുകള്‍ മറ്റൊരാള്‍ ഏറ്റുവാങ്ങും എന്നല്ലാതെ അവര്‍ അത് എവിടേക്ക് കൊണ്ടുപോകുമെന്നും ഇവര്‍ക്ക് അറിയില്ല. നോട്ടുകള്‍ എത്തിക്കേണ്ട സ്ഥലത്ത് എത്തുമ്പോള്‍ ഇവര്‍ക്ക് നിശ്ചിത തുക കമ്മീഷന്‍ നല്‍കുമെന്ന് മാത്രം.

പൊതുജനങ്ങള്‍ക്കോ ബാങ്കുകള്‍ക്കോ ഇനി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരങ്ങളൊന്നുമില്ല. നോട്ട് നിരോധന കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്ക് മാത്രമാണ് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഏറ്റവും അവസാനം അവസരം നല്‍കിയത്. അതും റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ മാത്രം, വിദേശത്ത് പോയതിന്റെ രേഖകള്‍ ഹാജരാക്കി മാത്രം ലഭ്യമാവുന്നതായിരുന്നു. ഇതും അവസാനിച്ചിട്ട് അഞ്ച് മാസത്തിലധികമായി. സ്വകാര്യ ബാങ്കുകള്‍ വഴിയും പണം മാറ്റിയെടുക്കാന്‍ കഴിയില്ല. അവര്‍ക്കും നോട്ടുകള്‍ മാറ്റാനുള്ള സമയപരിധി നേരത്തെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ളവയുടെ കറന്‍സി ചെസ്റ്റുകളില്‍ ഇപ്പോഴും പഴയ നോട്ടുകളുണ്ട്. എന്നാല്‍ കറന്‍സി ചെസ്റ്റുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഓരോ ദിവസവും അവിടെ എത്തുന്ന പണം സംബന്ധിച്ച് വ്യക്തമായ കണക്കുണ്ട്. അധിക പണം അവിടെ വെച്ച് പഴയ തീയ്യതി കാണിച്ച് മാറ്റാനും കഴിയില്ല.

എന്നാല്‍ ഇതൊന്നുമല്ലാത്ത എന്തോ സാധ്യതകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് ആവര്‍ത്തിക്കുന്ന നോട്ട് കടത്തുകള്‍ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിലേക്കാണ് നോട്ടുകള്‍ കടത്തുന്നത് എന്നുമാത്രമാണ് പിടിയിലാവുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരം. കള്ളനോട്ടടിക്കുന്നവര്‍ക്കായി റിസര്‍വ് ബാങ്കിന്റെ സെക്യൂരിറ്റി ത്രെഡ് ഇളക്കിയെടുക്കാനാണ് ഈ കടത്തെന്നും അഭ്യൂഹമുണ്ട്.