പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ന്യായമായ കാരണങ്ങള്‍ കൊണ്ട് ഡിസംബര്‍ 31നകം നോട്ട് മാറ്റിവാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനം ഈ മാസം 17ന് അറിയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശക്തമായ ഭാഷയിലാണ് സുപ്രീം കോടതി ഇന്ന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്. ജനങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച പണം ചവറ്റുകുട്ടയില്‍ എറിയണമെന്ന് പറയാന്‍ സര്‍ക്കാറിന് ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. ന്യായമായ കാരണങ്ങള്‍ കൊണ്ട് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണ്. അതില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് കോടതി നിലപാടെടുത്തതോടെ, നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്ത ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ പ്രത്യേകം പ്രത്യേകം പരിശോധിക്കാമെന്ന് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു.
എന്നാല്‍ എല്ലാവര്‍ക്കും കൈവശമുള്ള പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ഒരു പൊതു അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഉത്തരവിടരുതെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. ഓരോരുത്തരുടെയും കാര്യം പ്രത്യേകം പ്രത്യേകം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് 17നകം തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
