ദില്ലി: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയിലൂടെ വരുമാനം കണ്ടെത്താനുള്ള മോദിസര്‍ക്കാരിന്റെ പദ്ധതി വിജയത്തിലേക്ക്. പെട്രോളിയം ഭീമന്‍മാരായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുവാന്‍ പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍) സന്നദ്ധത അറിയിച്ചു. 

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ (എച്ച്.പി.സി.എല്‍) കേന്ദ്രസര്‍ക്കാരിനുള്ള 51 ശതമാനം ഓഹരികള്‍ 37,000 കോടി രൂപയ്ക്കാവും ഒ.എന്‍.ജി.സി വാങ്ങുക. ഇതോടെ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 72,500 കോടി നേടുവാനുള്ള മോദി സര്‍ക്കാരിന്റെ നീക്കവും വിജയം കാണുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 54,337 കോടി രൂപ ഓഹരി വില്‍പനയിലൂടെ ഇതിനോടകം സര്‍ക്കാര്‍ നേടിക്കഴിഞ്ഞു. 

ഓഹരിയൊന്നിന് 473.97 രൂപ നല്‍കിയാവും എച്ച്.പി.സി.എല്‍ ഓഹരികള്‍ ഒഎന്‍ജിസി വാങ്ങുക. എച്ച്.പി.സി.എല്ലിനെ ഒഎന്‍ജിസി സ്വന്തമാക്കുന്നതോടെയുള്ള ഇരുകമ്പനികളുടേയും മൊത്തം മൂല്യം 3,11,925 കോടിയാവും. നിലവില്‍ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ 60 ശതമാനവും ഒഎന്‍ജിസിയുടേതാണ്. എച്ച്പിസിഎല്ലിനെ ഏറ്റെടുക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ഓയില്‍ റിഫൈനിംഗ് കമ്പനി കൂടിയായി ഒന്‍ജിസി മാറുകയാണ്. രാജ്യത്തെ മൊത്തം പെട്രോള്‍ പമ്പുകളില്‍ 25 ശതമാനത്തിലേറെ എച്ച്.പി.സി.എല്ലിന്റേതാണെന്നാണ് കണക്ക് ഇവയെല്ലാം ഇനി ഒഎന്‍ജിസിക്ക് സ്വന്തമാക്കും.