ദില്ലി: ചരക്ക് സേവന നികുതിയില്‍ ഉയര്‍ന്ന നിരക്കായ 28 ശതമാനം 50 ഇനങ്ങള്‍ക്കായി പരിമിതപ്പെടുത്തി. ഗുവഹത്തിയില്‍ ചേര്‍ന്ന ജിഎസ്ടി കൌണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതോടെ ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, പോളീഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൌന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് വില കുറയും.

227 ഉത്പന്നങ്ങള്‍ക്കാണ് 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത്.നേരത്തെ ഈ സ്ലാബ് 62 ഉത്പന്നങ്ങള്‍ക്കായി ചുരുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ജിഎസ്ടി കൌണ്‍സില്‍ ഈ പട്ടിക വീണ്ടും പുതുക്കി 50 ഉത്പന്നങ്ങളാക്കുകയായിരുന്നു.

28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങളെ 18 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റും. അതേ സമയം പെയ്ന്‍റ് , സിമന്‍റ്, വാഷിംഗ് മീഷെന്‍ പോലുള്ള ആഢംബര ഉത്പന്നങ്ങളും 28 ശതമാനം നികുതിയില്‍ നിലനിര്‍ത്തും പുതിയ പരിഷ്കാരം 20,000 കോടി നികുതി നഷ്ടം സര്‍ക്കാറിനുണ്ടാക്കിയേക്കുമെന്നാണ് കണക്ക്.റിട്ടേണ്‍ ഫയലിംഗ് വൈകിയാലുള്ള പിഴ ദിവസം 200 രൂപയിൽനിന്നു 50 രൂപയായും കുറച്ചു.