ദില്ലി: എണ്ണവില വില ഇടിയുന്ന സാഹചര്യത്തില്‍ ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിയന്നയില്‍ നടന്ന ഒപെക് യോഗത്തില്‍ ഏകദേശ ധാരണയായി. 2019 മുതല്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ എന്ന തോതില്‍ ഉല്‍പാദനം കുറയ്ക്കാനാണ് നീക്കം. റഷ്യ ഉള്‍പ്പടെയുളള ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ഇന്ന് നടക്കുന്ന വിശദ ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. 

വിയന്നയിലുണ്ടായിരുന്ന റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്സാണ്ടര്‍ നൊവാക് വിഷയത്തില്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി കൂടിയാലോചനകള്‍ നടത്താന്‍ റഷ്യയിലേക്ക് മടങ്ങി. ഒപെക് രാജ്യങ്ങളുമായി റഷ്യ ഇന്ന് വീണ്ടും ചര്‍ച്ചകള്‍ നടത്തും. റഷ്യ സമ്മതിച്ചാല്‍ ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് ഏകദേശ ധാരണയില്‍ എത്തിയതോടെ ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. എണ്ണവില വീണ്ടും ബാരലിന് 60 ഡോളറില്‍ എത്തി. ഒപെക് ഉല്‍പാദനം വെട്ടിച്ചുരുക്കിയാല്‍ ഇന്ത്യ അടക്കമുളള ആകെ ഉപയോഗത്തിന്‍റെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഭീഷണിയാകും.