അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ കണക്കിലെടുത്തും, രാജ്യത്തിൻ്റെ പണമിടപാട് പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ചില സാധനങ്ങളെ ഈ താൽക്കാലിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

വാഷിംഗ്ടൺ - രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 10 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തി അമേരിക്കൻ ഭരണകൂടം. ഈ താൽക്കാലിക തീരുവ ഫെബ്രുവരി 24 മുതൽ നിലവിൽ വരും. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ കണക്കിലെടുത്തും, രാജ്യത്തിൻ്റെ പണമിടപാട് പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ചില സാധനങ്ങളെ ഈ താൽക്കാലിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ IEEPA നിയമപ്രകാരം ചുമത്തിയിരുന്ന താരിഫുകൾ നിയമവിരുദ്ധമാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും നിർമ്മാതാക്കൾക്കും ഗുണകരമാവുന്ന രീതിയിൽ വ്യാപാര ബന്ധങ്ങൾ പുനഃക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുവയെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. രാജ്യത്തിൻ്റെ അന്താരാഷ്ട്ര പണമിടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരമാണ് പ്രസിഡൻ്റ് ട്രംപ് ഇതിനായി ഉപയോഗിച്ചത്. ഒരു രാജ്യത്തിൻ്റെ ഇറക്കുമതി കയറ്റുമതിയേക്കാൾ വളരെ കൂടുന്ന സാഹചര്യങ്ങൾ ണ്ടാകുമ്പോൾ, അത് പരിഹരിക്കാൻ താൽക്കാലികമായി അധിക തീരുവ ചുമത്താൻ പ്രസിഡൻ്റിന് ഈ നിയമം അധികാരം നൽകുന്നു. ഈ നിയമപ്രകാരം 150 ദിവസം വരെ പരമാവധി 15% തീരുവ ചുമത്താം. സെക്ഷൻ 122 പ്രകാരം ചുമത്തുന്ന തീരുവകൾ 150 ദിവസത്തിന് ശേഷം തനിയെ ഇല്ലാതാകും. കോൺഗ്രസ്സ് വോട്ട് ചെയ്ത് കാലാവധി നീട്ടി നൽകിയില്ലെങ്കിൽ ഇത് സംഭവിക്കും. എന്നാൽ, ഈ കാലാവധി കഴിഞ്ഞാലും പുതിയൊരു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡൻ്റിന് വേണമെങ്കിൽ വീണ്ടും ഇത്തരം നടപടികൾ കൊണ്ടുവരാൻ സാധിക്കുമെന്ന് വ്യാപാര വിദഗ്ധർ പറയുന്നു. പ്രസിഡൻ്റ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെയും അജണ്ടയിലെയും പ്രധാന ഭാഗമായിരുന്ന വ്യാപാര നയവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി