ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പിന്‍വലിച്ച നോട്ടുകള്‍ കൈവശം വെയ്ക്കുന്നവരെ ശിക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നു. മാര്‍ച്ച് 31ന് ശേഷം നോട്ടുകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലായിരിക്കും ഓര്‍ഡിനന്‍സ് തയ്യാറാക്കുകയെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭായോഗം രൂപം നല്‍കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരിക്കുകയാണ്.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിക്കും. ഇതിന് ശേഷം റിസര്‍വ് ബാങ്കിന്റെ കൗണ്ടറുകള്‍ വഴി നോട്ടുകള്‍ തിരിച്ചെടുക്കാന്‍ അവസരം നല്‍കിയേക്കും. കാരണം കാണിച്ച് നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസരമായിരിക്കും റിസര്‍വ് ബാങ്ക് നല്‍കുക. ഈ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഇതിനും ശേഷം നോട്ടുകള്‍ കൈവശം വെയ്ക്കുന്നവരെ ശിക്ഷിക്കും. പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ 5000 രൂപ പിഴയും ഈടാക്കും.
നവംബര്‍ എട്ടിന് നോട്ടുകള്‍ പിന്‍വലിച്ചത് ഒരു സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെയാണ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതിന് നിയമ പരിരക്ഷ നല്‍കുന്ന വ്യവസ്ഥകളും പുതിയ ഓര്‍ഡിനന്‍സില്‍ ഉണ്ടായിരിക്കും.
