ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ റെയില്‍വെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനവുണ്ടായെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പ് വഴി ഇന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. 

നോട്ട് നിരോധനത്തിന് മുന്‍പ് ഏകദേശം 58 ശതമാനത്തോളം പേരാണ് ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 70 ശതമാനമായി ഉയര്‍ന്നു. കൗണ്ടറുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ആളുകള്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. അഞ്ച് കോടിയോളം ആളുകളെ ഡിജിറ്റല്‍ ടിക്കറ്റിലേക്ക് മാറ്റാനായെന്ന് റെയില്‍വെ അവകാശപ്പെട്ടു. ഇ-ടിക്കറ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഭീം ആപ്പ് വഴിയും ബുക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.