സൂററ്റ്: അര്‍ദ്ധരാത്രിയിലെ ജി.എസ്.ടി പ്രഖ്യാപനം രാജ്യത്ത് പലയിടത്തും നാടകീയ രംഗങ്ങളാണുണ്ടാക്കിയത്. ഗുജറാത്തില്‍ ഇന്ന് രാവിലെ ട്രെയിനില്‍ യാത്ര ചെയ്തവരില്‍ നിന്ന് ജി.എസ്.ടിയുടെ പേരില്‍ ടി.ടി.ഇമാര്‍ അധിക തുക ഈടാക്കിയെന്നും ആരോപണമുണ്ട്. ക്വീന്‍ എക്സ്‍പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെ അധിക തുക പിരിക്കുന്ന ടി.ടി.ഇയോട് യാത്രക്കാര്‍ കയര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരക്കുകയാണ്.

ഇന്ന് രാവിലെ സര്‍വ്വീസ് നടത്തിയ ട്രെയിനിലാണ് യാത്രക്കാരില്‍ നിന്ന് ടി.ടി.ഇ 20 രൂപാ വീതം അധികം ഈടാക്കിയെന്ന പരാതി ഉയര്‍ന്നത്. നേരത്തെ ടിക്കറ്റെടുത്ത് യാത്ര ചെയ്തവരില്‍ നിന്നാണ് അധിക തുക വാങ്ങിയത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് ടി.ടി.ഇമാര്‍ പറഞ്ഞത്. യാത്രക്കാര്‍ ടി.ടി.ഇയോട് കയര്‍ക്കുന്നത് വീഡിയോയില്‍ കാണാം. ജൂലൈ ഒന്നിന് ശേഷം എടുക്കുന്ന ടിക്കറ്റിന് മാത്രമേ ഇത്തരത്തില്‍ നികുതി ഈടാക്കാനാവൂ എന്നും യാത്രക്കാരില്‍ ചിലര്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കില്‍ അത് കാണിക്കാനും യാത്രക്കാര്‍ ടി.ടി.ഇയോട് ആവശ്യപ്പെടുന്നുണ്ട്.