ബാബാ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദിക്സ് കമ്പനി പുറത്തിറക്കുന്ന നെല്ലിക്ക ജ്യൂസ് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് ഒരു മരുന്നാണെന്നും അത് സുരക്ഷിതമായി ഉപയോഗിക്കാമെന്നുമാണ് രംദേവിന്റെ വാദം.
കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പതജ്ഞലി നെല്ലിക്കാ ജ്യൂസ് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സൈനിക ക്യാന്റീനുകളില്‍ നിന്ന് ഇത് പിന്‍വലിക്കാന്‍ ക്യാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം നല്‍കി. പതഞ്ജലിക്ക് ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കമ്പനിയുടെ വിശദീകരണം ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് സൈന്യത്തിന്റെ നിലപാട്. എന്നാല്‍ പതജ്ഞലിയുടെ നെല്ലിക്കാ ജ്യൂസ് വെറും ജ്യൂസല്ലെന്നും അത് മരുന്നാണെന്നുമാണ് രാംദേവ് ഇന്ന് വിശദീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ പതഞ്ജലിയുടെ നെല്ലിക്കാ ജ്യൂസിന് ബാധകമല്ല. ആയുഷ് മന്ത്രാലയം തന്റെ കമ്പനിയുടെ ജ്യൂസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.എസ്.എഫിന്റെ അടക്കം സ്റ്റോറുകളില്‍ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ നിലവില്‍ വിറ്റഴിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് മാഗി ന്യൂഡില്‍സില്‍ മായം കണ്ടെത്തിയതും കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയിലെ പരിശോധനയിലായിരുന്നു. കഴിഞ്ഞ വര്‍ഷം 2000 ബി.എസ്.എഫ് ജവാന്മാര്‍ക്ക് രാംദേവിന്റെ പതഞ്ജലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാരീരിക ക്ഷമതാ പരിശീലനം നല്‍കിയിരുന്നു.
