ഇ-വാലറ്റ് വിപ്ലവം ബാങ്കിങ് രംഗത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പേടിഎം. ലൈസന്‍സ് ലഭിച്ച സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാങ്ക് ശാഖകള്‍ തുടങ്ങുമെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു. ബാങ്കിങ് രംഗത്തെ പുതിയ സംരംഭമാണ് പേയ്മെന്റ് ബാങ്ക്. വായ്പയോ ക്രെഡിറ്റ് കാര്‍ഡുകളോ നല്‍കാന്‍ പേയ്മെന്റ് ബാങ്കുകള്‍ക്ക് അധികാരമില്ല. എന്നാല്‍ ഒരു ലക്ഷം രൂപ വരെ ഇത്തരം ബാങ്കുകളില്‍ നിക്ഷേപിക്കാം. അതിന് പലിശ ലഭിക്കും. ഒപ്പം എ.ടി.എം / ഡെബിറ്റ് കാര്‍ഡുകളും അക്കൗണ്ട് ഉടമയ്ക്ക് പേയ്മെന്റ് ബാങ്കുകള്‍ നല്‍കും. ചുരുക്കത്തില്‍ ഇ-വാലറ്റിനെയും ബാങ്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി പേയ്മെന്റ് ബാങ്കിനെ കണക്കാക്കാം. പുതിയ സംവിധാനം അനുസരിച്ച് ഇ-വാലറ്റിനെ ബാലന്‍സ് പേയ്മെന്റ് ബാങ്കിലെ ബാലന്‍സായി മാറുമെന്ന് പേടിഎം അറിയിച്ചു. പേടിഎം, റിലയന്‍സ്, എയര്‍ടെല്‍ തുടങ്ങിയ 11 കമ്പനികള്‍ക്ക് ഒരു വര്‍ഷം മുമ്പാണ് പേയ്മെന്റ് ബാങ്ക് തുടങ്ങാനുള്ള പ്രാഥമിക അംഗീകാരം റിസര്‍വ് ബാങ്ക് നല്‍കിയത്. ഗ്രാമങ്ങളിലെയും നഗര പ്രാന്തപ്രദേശങ്ങളിലെയും കോടിക്കണക്കിന് ജനങ്ങള്‍ക്ക് കൂടി ബാങ്കിങ് സേവനങ്ങള്‍ നല്‍കുകയാണ് പേയ്മെന്റ് ബാങ്കുകളുടെ ലക്ഷ്യം. കഴിഞ്ഞ നവംബറില്‍ തന്നെ എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് സംവിധാനം ആരംഭിച്ചു കഴിഞ്ഞു.