ട്രഷറികള്‍ക്ക് ആവശ്യമുള്ള കറന്‍സി റിസര്‍വ് ബാങ്ക് നല്‍കാത്തതോടെ കോട്ടയം ജില്ലയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി. 5.85 കോടി ചോദിച്ചപ്പോള്‍ 1.83 കോടിയാണ് കോട്ടയം ജില്ലയിലെ ട്രഷറികള്‍ക്ക് കിട്ടിയത്

50 ലക്ഷം രൂപയുടെ കറന്‍സിയാണ് കോട്ടയം ജില്ലാ ട്രഷറി റിസര്‍വ് ബാങ്കിനോട് ചോദിച്ചത്. എന്നാല്‍ കിട്ടിയത് വെറും 10 ലക്ഷം രൂപ മാത്രം. ഇതോടെ വന്നവരില്‍ മിക്കവര്‍ക്കും പെന്‍ഷന്‍ കിട്ടാതെ മടങ്ങേണ്ടിവന്നു. മറ്റു ട്രഷറികളിലും ഇതു തന്നെയാണ് സ്ഥിതി. പത്തു ലക്ഷം രൂപ ചോദിച്ച എരുമേലി സബ് ട്രഷറിക്ക് ഒരു രൂപ പോലും കിട്ടിയില്ല. 30 ലക്ഷം ചോദിച്ച പാമ്പാടി ട്രഷറിക്ക് കിട്ടിയത് മൂന്നു ലക്ഷം രൂപ മാത്രം. മുപ്പത് ലക്ഷം ആവശ്യപ്പെട്ട പള്ളിക്കാത്തോട് ട്രഷറിക്കും 50 ലക്ഷം ചോദിച്ച മുണ്ടക്കയം ട്രഷറിക്കും കിട്ടിയത് അഞ്ച് ലക്ഷം രൂപ വീതമാണ്. ഒരു ട്രഷറികള്‍ക്കും ചോദിച്ചത്ര കറന്‍സി കിട്ടിയില്ല. ഇതോടെയാണ് വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം മുടങ്ങിയത്. ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു ഈ മാസത്തെ പെന്‍ഷനോടൊപ്പം കിട്ടുമെന്ന പെന്‍ഷന്‍കാരുടെ പ്രതീക്ഷയും അസ്ഥാനത്തായി.