ദില്ലി: രാജ്യത്ത് പെട്രോള്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരിക്കിലെത്തി. പെട്രോള്‍ വിലയില്‍ ലിറ്ററിന് 6 രൂപയുടെയും ഡീസല്‍ വിലയില്‍ മൂന്ന് രൂപ 67 പൈസയുടെയും വര്‍ദ്ധനയാണ് കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. എണ്ണക്കമ്പനികള്‍ പിന്തുടര്‍ന്നിരുന്ന, മാസത്തില്‍ രണ്ട് തവണ വില നിശ്ചയിക്കുന്ന സംവിധാനം നിര്‍ത്തലാക്കിയതിനു ശേഷം ഇതാദ്യമായാണ് വില ഇത്രയും ഉയരത്തിലെത്തിയത്.

പെട്രോള്‍ ലിറ്ററിന് 69 രൂപ 4 പൈസയും ഡീസല്‍ ലിറ്ററിന് 57 രൂപ മൂന്ന് പൈസയുമാണ് ദില്ലിയിലെ ഇന്നത്തെ നിരക്ക്. ദിവസേന വില നിശ്ചയിക്കുന്ന രീതി നിലവില്‍ വന്ന ജൂണ്‍ 16 ന് പെട്രോളിന് 65 രൂപ 48 പൈസയും ഡീസലിന് 54 രൂപ 49 പൈസയുമായിരുന്നു വില. രണ്ടര മാസത്തിനിടയ്‌ക്ക് ഉണ്ടായത് വന്‍ വര്‍ദ്ധന. 2014 ഓഗസ്റ്റിലാണ് ഇതിനു മുനപ് വില റെക്കോര്‍ഡിലെത്തിയത്. 70 രൂപ 33 പൈസയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ അന്നത്തെ വില.

മുന്‍പ് ലിറ്ററിന് 1 രൂപ മുതല്‍ 3 രൂപ വരെ വര്‍ദ്ധിക്കുമ്പോള്‍ ഉപഭോക്താക്കള്‍ അറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ നേരിയ വര്‍ദ്ധന ഓരോ ദിവസവും വരുത്തിയുള്ള തന്ത്രമാണ് എണ്ണക്കമ്പനികളുടേത്.