വെറും അഞ്ച് വര്‍ഷം കൊണ്ട് പെട്രോള്‍ വില ലിറ്ററിന് 30 രൂപയോളം ആകുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ? വളര്‍ന്നു വരുന്ന പുതിയ സാങ്കേതിക വിദ്യ, ലോകത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വന്‍തോതില്‍ കുറയ്ക്കുമെന്നാണ് പ്രമുഖ ഗവേഷകന്‍ ടോണി സെബയുടെ കണ്ടെത്തല്‍. എന്തിനും ഏതിനും പെട്രോളിയം ഉല്‍പ്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്ന ലോകക്രമം മാറുന്നതോടെ ഇപ്പോഴുള്ളതിന്റെ പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

ഏതോ ഒരാളുടെ അന്തവും കുന്തവുമില്ലാത്ത പ്രവചനം എന്നു കരുതി ഇതിനെയങ്ങ് ചിരിച്ചുതള്ളാന്‍ വരട്ടെ. പറഞ്ഞയാള്‍ നിസ്സാരക്കാരനല്ല. ജല, താപ വൈദ്യുതി ഉത്പാദനം കുറച്ച് സോളാര്‍ വൈദ്യുതിയിലേക്ക് ലോകം തിരിയുമെന്ന് വളരെ നേരത്തേ പ്രവചിച്ചയാളാണ് അദ്ദേഹം. ഇപ്പോഴുള്ളതിനേക്കാല്‍ 10 ഇരട്ടിയിലേറെ ചിലവ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം ഇത് പറഞ്ഞതെന്നും ഓര്‍ക്കണം. വൈദ്യുതി ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റ പ്രവചനം പുലര്‍ന്നുകൊണ്ടിരിക്കുന്നു.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവ് കാറുകള്‍ വിപണി കീഴടക്കുന്നതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 25 ഡോളറായി താഴുമെന്നാണ് അദ്ദേഹത്തിന്റ വിലയിരുത്തല്‍. 2021 ഓടെ എണ്ണ ഉപയോഗം അതിന്റെ പരമാവധിയിലെത്തും. തുടര്‍ന്ന് അത് 100 മില്യന്‍ ബാലരായി കുറയും. പത്ത് വര്‍ഷത്തിനകം 70 മില്യന്‍ ബാരലുകളായും കുറഞ്ഞുവരും. ഇതോടെ എണ്ണവില ബാരലിന് 25 ഡോളറായി കുറയുമെന്നും സി.എന്‍.ബി.സി ചാനലിനോട് സംസാരിക്കവെ ടോണി സെബ പറഞ്ഞത്.

ഇലക്ട്രിക് കാറുകള്‍ വ്യാപകമാവുമെന്ന് പറഞ്ഞാല്‍ ആളുകളെല്ലാം അതിലേക്ക് മാറുമെന്ന് അര്‍ത്ഥമില്ല. ഇപ്പോഴുള്ളത് പോലുള്ള കാറുകള്‍ ഉപയോഗിക്കപ്പെടുമെങ്കിലും ആഗോളാടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന അവസ്ഥക്ക് കുറവുണ്ടാക്കും. 2030ഓടെ ലോകത്തെ 95 ശതമാനം പേരും സ്വകാര്യ കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും പ്രവചനമുണ്ട്. ആഗോള വാഹന-എണ്ണ വ്യാപാര രംഗത്ത് ഇത് വലിയ മാറ്റമുണ്ടാക്കും.

2030ഓടെ രാജ്യത്ത് വൈദ്യത വാഹനങ്ങള്‍ വ്യാപകമാകുമെന്നും രാജ്യത്ത് ഒരു പെട്രോള്‍, ഡീസല്‍ വാഹനങ്ങളും വില്‍ക്കപ്പെടാത്ത അവസ്ഥ 15 വര്‍ഷത്തിനകം ഉണ്ടാകുമെന്നും നേരത്തെ കേന്ദ്ര ഊര്‍ജ്ജകാര്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.