കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില വീണ്ടും ഉയരുമെന്ന് സൂചന ഇന്ധന വില പെട്രോളിനും ഡീസലിനും ഒന്നര രൂപ വരെ കൂടാമെന്നാണ് വിപണി വിദ്ഗ്ധര്‍ പറയുന്നത്
ബെംഗളുരു: കര്ണാടക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില വീണ്ടും ഉയരുമെന്ന് സൂചന. ഏപ്രില് 24 ന് ശേഷം മാറ്റമില്ലാതെ തുടര്ന്ന് ഇന്ധന വില പെട്രോളിനും ഡീസലിനും ഒന്നര രൂപ വരെ കൂടാമെന്നാണ് വിപണി വിദ്ഗ്ധര് പറയുന്നത്. എക്കണോമിക് ടൈംസിന്റേതാണ് നിരീക്ഷണം.
ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളർ ഉയരുമ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 40 പൈസ വീതമാണ് എണ്ണക്കമ്പനികൾ നിലവില് വില ഉയർത്തുന്നത്. ഏപ്രിൽ 24 നു ശേഷം രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളറോളം ഉയർന്നിട്ടുണ്ടെങ്കിലും അത് വിപണിയില് പ്രതിഫലിച്ചിട്ടില്ല. ഇതാണ് ഒന്നര രൂപ വില വർധന പ്രതീക്ഷിക്കാനുള്ള കാരണം.
അവസാന വിലനിർണയം നടന്ന ഏപ്രില് 24ന് ബാരലിന് 74.01 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. അന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്. എന്നാല് പിന്നീട് വില പുനര് നിര്ണയം ഉണ്ടാകാതിരുന്നതിന് പിന്നില് കര്ണാടക തിരഞ്ഞെടുപ്പാകാം കാരണമെന്നാണ് വിദഗ്ധര് വിശദമാക്കുന്നത്. ഏപ്രിൽ 25ന് അസംസ്കൃത എണ്ണവില 73.07 ഡോളറായി കുറഞ്ഞെങ്കിലും വിലയിൽ മാറ്റം വരുത്താൻ എണ്ണ വിതരണ കമ്പനികൾ തയാറായില്ല.
ഇതിന് ശേഷം തുടര്ച്ചയായി ക്രൂഡ് ഓയിലിന്റെ വില കൂടുകയായിരുന്നു. ഇന്നലെ 77.29 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡിന്റെ രാജ്യാന്തര വില. ബാരലിന് ഒരു ഡോളർ വിലയുയർന്നാൽ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കറന്റ് അക്കൗണ്ട് നഷ്ടം ആകെ 100 കോടി ഡോളർ വരുമെന്നാണ് കണക്ക്കൂട്ടുന്നത്.
ഇത്തരത്തിൽ തുടര്ച്ചയായുണ്ടായ വരുമാന നഷ്ടവും ഓഹരി വിലയിടിവുമൊക്കെ പരിഗണിച്ചാകും എണ്ണക്കമ്പനികളുടെ അടുത്ത വിലനിർണയം എന്നാണ് കണക്കാക്കുന്നത്. ലീറ്ററിന് 3.14 രൂപ മാർജിൻ ലഭിച്ചിരുന്ന കമ്പനികൾക്ക് ഇപ്പോൾ കിട്ടുന്നത് 1.8 രൂപയാണ്. നേരത്തെ ന്യൂഡൽഹി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും എണ്ണവില ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നു. എന്നാൽ വോട്ടെടുപ്പിനു ശേഷം വില കാര്യമായി ഉയർത്താൻ കമ്പനികൾക്ക് കഴിഞ്ഞു.
ഇത്തവണയും വില പിടിച്ചു നിർത്താൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു എന്ന ആരോപണം പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ നിഷേധിച്ചിരുന്നു. പക്ഷേ, രാജ്യാന്തര വില ഉയരുമ്പോഴും ആഭ്യന്തര വില പുനർ നിർണയിക്കാതെ മൂന്നാഴ്ച എണ്ണക്കമ്പനികൾ നഷ്ടം സഹിച്ചെങ്കിൽ അവയ്ക്കുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായി എന്നാണ് റിപ്പോര്ട്ട്.
