കൊച്ചി: സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ പമ്പുകള്‍ അളവില്‍ വന്‍ കൃത്രിമം കാണിക്കുന്നതായി ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി. മദ്ധ്യകേരളത്തിലെ നാല് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ വാഹനങ്ങളില്‍ 10 ലിറ്റര്‍ ഇന്ധനം നിറയ്‌ക്കുമ്പോള്‍ 140 മില്ലീലിറ്റര്‍ വരെ കുറയ്‌ക്കുന്നതായാണ് തെളിഞ്ഞത്. ഇതിന് പുറമേ പമ്പുകള്‍ വഴി വില്‍പ്പന നടത്തുന്ന ഓയിലിന് പരമാവധി വില്‍പ്പന വിലയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കുന്നുവെന്നും കണ്ടെത്തി.

ഇന്ധനത്തിന്റെ അളവില്‍ പമ്പുകള്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. 10 ലിറ്റര്‍ ഇന്ധനം പമ്പുകളില്‍ നിന്ന് ശേഖരിച്ച് പരിശോധിച്ചപ്പോള്‍ 80 മില്ലീ ലിറ്റര്‍ മുതല്‍ 140 മില്ലീലിറ്റര്‍ വരെ കുറവുണ്ടെന്ന് കണ്ടു. തുടര്‍ന്ന് ഇത്തരം മെഷീനുകള്‍ സീല്‍ ചെയ്തു. അളവുകള്‍ കൃത്യമാക്കി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പമ്പുടമകള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെട്രോള്‍ പമ്പുകളില്‍ എല്ലാ ദിവസവും രാവിലെ ഇന്ധനം പ്രത്യേക അളവ് പാത്രങ്ങളില്‍ ശേഖരിച്ച് അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് ചട്ടം. എന്നാല്‍ മിക്ക പമ്പ് ഉടമകളും ഇവ പാലിക്കാറില്ലെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ഇന്ധനത്തിന്റെ അളവില്‍ സംശയം പ്രകടിപ്പിച്ചാല്‍ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സംവിധാനം പമ്പുകളില്‍ ലഭ്യമാക്കേണ്ടതാണ്. ഇതും പലയിടത്തും നടക്കാറില്ല.