ദില്ലി: ദിനംപ്രതി കുതിച്ചു കയറുന്ന പെട്രോള്‍ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതിരുന്നത് പൊതുജനത്തിന് തിരിച്ചടിയായി. പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടിയ്ക്ക് കീഴില്‍ കൊണ്ടു വരുമെന്നോ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുമെന്നോ ഉള്ള പ്രഖ്യാപനങ്ങളൊന്നും ജെയ്റ്റലി നടത്തിയില്ല. 

യൂണിയന്‍ ബജറ്റില്‍ ഇന്ധനവിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയോ ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുകയോ ചെയ്യുമെന്ന് ശക്തമായ അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് ഡ്യൂട്ടില്‍ നേരിയ കുറവു വരുത്തി ബജറ്റിന് ജനപ്രിയമുഖം നല്‍കാന്‍ ജെയ്റ്റലി ശ്രമിക്കുമെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന വിലയിരുത്തല്‍. 

ഇന്ധനവിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്ത് കൊടുത്തിരുന്നു. ഇതും അങ്ങനെയൊരു പ്രഖ്യാപനം പ്രതീക്ഷിക്കാന്‍ കാരണമായി. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വരുന്നതിനോട് സംസ്ഥാനങ്ങള്‍ക്കെല്ലാം എതിര്‍പ്പാണെങ്കിലും അരുണ്‍ ജെയ്റ്റലിയുടേയും രാഹുല്‍ ഗാന്ധിയുടേയും ഇടപെടല്ലിനെ തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഈ നീക്കത്തെ അനുകൂലിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ജിഎസ്ടി കൗണ്‍സിലിന്റെ കഴിഞ്ഞ രണ്ട് യോഗങ്ങളിലും ഈ കാര്യം അജന്‍ഡയിലുണ്ടായിരുന്നുവെങ്കിലും പക്ഷേ ചര്‍ച്ച നടന്നിരുന്നില്ല. എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം കുറച്ചാല്‍ തങ്ങളുടെ നികുതി വിഹിതവും കുറയ്ക്കാം എന്ന നിലപാടിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചാലും ഭൂരിപക്ഷം സംസ്ഥാനങ്ങളും ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യം അംഗീകരിച്ചാല്ലേ നിര്‍ദേശം നടപ്പാവൂ.