റിയാദ്: ചികിത്സ പിഴവുകള്‍ കണക്കിലെടുത്തു ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാർക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം നിയമം കൊണ്ടുവരുന്നു. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍, ടെക്‌നിഷ്യന്മാര്‍ തുടങ്ങി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാർക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏർപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

ആശുപത്രികളിൽ വെച്ചുണ്ടാകുന്ന ചികിത്സ പിഴവുകളിൽ രോഗിക്ക് നഷ്ട പരിഹാരം നല്‍കുന്നതിനു ഡോക്ടര്‍മാര്‍ക്കു മാത്രമാണ് നിലവിൽ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളത്. ഇത്തരം കേസുകളിൽപ്പെടുന്ന നഴ്‌സുമാര്‍, ടെക്‌നിഷ്യന്മാര്‍ തുടങ്ങിയ മറ്റു ജീവനക്കാർക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നിലവിലില്ല. 

ഇത്തരത്തിൽ ചികിത്സ പിഴവിന്‍റെ പേരില്‍ മക്ക പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കെതിയുള്ള 36 കേസുകളില്‍ വിധി പറഞ്ഞതായി മക്ക ആരോഗ്യ കാര്യാലയത്തിനു കീഴിലുള്ള ലീഗല്‍ സെല്‍ വ്യക്തമാക്കി.

ഇതിൽ നാലു കേസുകളില്‍ മാത്രം പത്ത് ലക്ഷം റിയാലിലേറെ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെ 116 പേര്‍ക്കെതിരെയാണ് ചികിത്സ പിഴവിന്‍റെയും നിയമ ലംഘനങ്ങളുടെയും പേരില്‍ പിഴ ചുമത്തിയത്.

ഇത്തരം കേസുകളിൽപ്പെടുന്ന നഴ്‌സുമാര്‍, ടെക്‌നിഷ്യന്മാര്‍ തുടങ്ങിയ ജീവനക്കാർക്ക് ഭീമമായ തുകയാണ് നഷ്ടപരിഹാരമായി രോഗിക്ക് നല്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍, ടെക്‌നിഷ്യന്മാര്‍ തുടങ്ങി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാർക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏർപ്പെടുത്താനാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

ഇത് ചികിത്സ പിഴവു സംഭവിക്കുന്ന കേസുകളിൽ ജീവനക്കാരിൽനിന്നും ഭീമമായ നഷ്ടപരിഹാര തുക ഈടാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.