കള്ളപ്പണം തടയാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ അടുത്തതായി പിടിവീഴുന്നത് സ്വര്‍ണ്ണത്തിലായിരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിലൊരു തീരുമാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്ന് വിശദീകരിച്ചിരുന്നെങ്കിലും സ്വര്‍ണ്ണം വഴിയുള്ള കള്ളപ്പണ വിനിമയം കര്‍ശനമായി തടയാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണ്ണം വില്‍ക്കുന്നതും വാങ്ങുന്നതും ഉള്‍പ്പെടെ സ്വര്‍ണ്ണം കൊണ്ടുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് ഉടന്‍ നിര്‍ബന്ധമാക്കിയേക്കും. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങുന്നവരില്‍ നിന്ന് പാന്‍ വിവരങ്ങള്‍ ശേഖരിക്കണമെന്ന് സ്വര്‍ണ്ണക്കടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണത്തിന്മേലുള്ള ഇടപാടുകള്‍ക്ക് ദൈനംദിന പരിധി നിശ്ചയിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇത് നടപ്പാകുകയാണെങ്കില്‍ ഒരു ദിവസം ഒരു നിശ്ചിത തുകയ്ക്കുള്ള സ്വര്‍ണ്ണം മാത്രമേ വാങ്ങാനോ അല്ലെങ്കില്‍ വില്‍ക്കാനോ സാധിക്കുകയുള്ളൂ. കള്ളപ്പണം സ്വര്‍ണ്ണമാക്കി മാറ്റി വന്‍തോതില്‍ സൂക്ഷിക്കപ്പെടുന്നുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വര്‍ണ്ണ ഇടപാടുകള്‍ക്ക് രാജ്യവ്യാപകമായി ഒരു രജിസ്ട്രി ഉണ്ടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് നടപ്പാവുകയാണെങ്കില്‍ രാജ്യത്ത് എല്ലായിടത്തും ഓരോ ദിവസവും വില്‍ക്കപ്പെടുന്ന സ്വര്‍ണ്ണത്തിന്റെ അളവും വിവരങ്ങളും കൃത്യമായി ക്രോഡീകരിക്കപ്പെടും. സ്വര്‍ണ്ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവരുടെ പാന്‍ വിവരങ്ങള്‍ കൂടി ശേഖരിച്ചാല്‍ ഇവ രണ്ടും ഉപയോഗിച്ച്, വരുമാനം രഹസ്യമാക്കി വെയ്ക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

റിസര്‍വ് ബാങ്ക്, സെക്യുരിറ്റീസ് ആന്റ് എക്സ്‍ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോരിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.ഐ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോരിറ്റി എന്നിവയില്‍ നിന്നുള്ള വിദഗ്ദരടങ്ങിയ കമ്മിറ്റിയാണ് സര്‍ക്കാറിന് മുന്നില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഫിനാന്‍ഷ്യന്‍ ഇക്കണോമിക്സ് വിഭാഗം മേധാവിയും സാമ്പത്തിക വിദഗ്ദനുമായ തരുണ്‍ രാമദുരൈയാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍.

ലോകത്തെ മറ്റ് ഏതൊരു രാജ്യവുമായും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വ്യക്തികള്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ അളവ് വളരെ കൂടുതലാണ്. ഈ സ്വര്‍ണ്ണം ഉപയോഗപ്രദമായ നിക്ഷേപമാക്കി മാറ്റുകയാണെങ്കില്‍ വലിയ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വീടുകളില്‍ വന്‍തോതില്‍ സ്വര്‍ണ്ണം സൂക്ഷിക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ടാകാമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. നികുതി വെട്ടിപ്പും അനധികൃതമായ പണം കൈമാറ്റവും മൂടിവെയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി സ്വര്‍ണ്ണം ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണം തടയുന്നതിനൊപ്പം വീടുകളിലെ സ്വര്‍ണ്ണം മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ വിപണിയിലെത്തിക്കാനുള്ള പദ്ധതികളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.