മുംബൈ: നവിമുംബൈയില്‍ നിര്‍മ്മിക്കുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. വിമാനത്താവളത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജയിലും അദ്ദേഹം പങ്കെടുത്തു. 

സമ്പദ് വ്യവസ്ഥയുടെ വികാസം ഉറപ്പാക്കുന്നതില്‍ ഗതാഗതസംവിധാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവേ മോദി പറഞ്ഞു. ആഗോളവത്കരണത്തില്‍ മുന്നോട്ട് കുതിക്കാന്‍ അടിസ്ഥാനസൗകര്യവികസനരംഗത്ത് മികച്ച നിക്ഷേപമുണ്ടാവുക എന്നത് പ്രധാനമാണ്. 

രാജ്യത്തെ വ്യോമയാനരംഗത്ത് അത്ഭുതകരമായ വളര്‍ച്ചയാണ് ഇപ്പോള്‍ ദൃശ്യമാവുന്നതെന്ന് പറഞ്ഞ മോദി വിമാനത്തില്‍ സ്ഥിരമായി പറക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങളുടെ എണ്ണം കുത്തനെ കൂടിയെന്നും ചൂണ്ടിക്കാട്ടി.മുന്‍സര്‍ക്കാരുകളുടെ കാലത്ത് പൊടിപിടിച്ചു കിടന്ന പദ്ധതികള്‍ പലതും ഈ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം തുടങ്ങുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

നവിമുംബൈയില്‍ 16,000 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന വിമാനത്താവളത്തില്‍ 3800 മീറ്റര്‍ നീളമുള്ള രണ്ട് റണ്‍വേകള്‍ ഉണ്ടായിരിക്കും. നിലവില്‍ മുംബൈയിലെ ചത്രപതി ശിവജി വിമാനത്താവളത്തില്‍ അനുഭവപ്പെടുന്ന കനത്ത തിരക്കിന് പരിഹാരം എന്ന നിലയിലാണ് നവിമുംബൈയില്‍ പുതിയൊരു വിമാനത്താവളം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1997-ല്‍ തന്നെ മുംബൈയില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഭൂമി കണ്ടെത്താനും പലതരം പ്രതിസന്ധികള്‍ മറികടന്ന് നിര്‍മ്മാണം തുടങ്ങാനും 21 വര്‍ഷം വേണ്ടിവന്നു. 2020-21ലായി പുതിയ വിമാനത്താവളം പ്രവര്‍ത്തസജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.