നീരവ് മോദിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്ക് അവിടെയും നടപടികള്‍ തുടങ്ങിയിരുന്നു.

മുംബൈ: 13,000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിക്കെതിരെ പഞ്ചാബ് നാഷണല്‍ ബാങ്ക് വിദേശത്തും നിയമനടപടികള്‍ കടുപ്പിക്കുന്നു. നീരവ് മോദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനായി ഹോങ്കോങിലെ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം. 

നീരവ് മോദിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്ക് അവിടെയും നടപടികള്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോങ്കോങിലെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുന്നത്. നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 13,000 കോടിയാണ് വ്യാജ കടപ്പത്രങ്ങളിലൂടെ തട്ടിയെടുത്തത്. ചില ബാങ്ക് ഉദ്ദ്യോഗസ്ഥരുടെ സഹായത്തോടെ 2011 മാര്‍ച്ച് മുതല്‍ നടത്തിവന്ന തട്ടിപ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തറിഞ്ഞത്.

നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ അപേക്ഷ സ്വീകരിക്കാന്‍ ഹോങ്കോങിന് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ഈ മാസം ആദ്യം ചൈന വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള ഉടമ്പടികളും പ്രാദേശിക നിയമങ്ങളും അനുസരിച്ച് ഇത് സാധ്യമാകും. ചൈനയുടെ ഭാഗമാണെങ്കിലും സ്വന്തമായ നിയമങ്ങളാണ് ഹോങ്കോങിലുള്ളത്.