പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഓഹരി ഉടമകള്‍ക്ക് പണം നഷ്‌ടമാകുന്നു. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞ് 6,800 കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്‌ടമായി.

ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഓഹരി ഉടമകളുടെയും പണം ചോര്‍ത്തുകയാണ്. തട്ടിപ്പ് വാര്‍ത്ത പുറത്ത് വരുന്നതിന് മുമ്പ് 39,050 കോടി രൂപയായിരുന്നു ബാങ്കിന്റെ വിപണി മൂല്യം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മൂല്യം 32,238 കോടിയിലേക്ക് ഇടിഞ്ഞു. ഓഹരി ഉടമകള്‍ക്ക് നഷ്‌ടമായത് 6,800 കോടി രൂപ. ബാങ്കിന്റെ ആസ്തിയുടെ മൂന്നിലൊന്നിന് സമാനമായ തുക തട്ടിപ്പിലൂടെ നഷ്‌ടമായ സാഹചര്യത്തില്‍ നിക്ഷേപകര്‍ പരിഭ്രാന്തരായി പി.എന്‍.ബി ഓഹരികള്‍ വിറ്റഴിക്കുന്നതാണ് നഷ്‌ടത്തിന് കാരണം. ഇന്നും പി.എന്‍.ബിയുടെ ഓഹരി മൂല്യം ആറ് ശതമാനം ഇടിഞ്ഞു. രണ്ട് ദിവത്തിനുള്ളില്‍ പ്രതി ഓഹരിയില്‍ 25 രൂപയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്.

2017 സാമ്പത്തിക വര്‍ഷത്തെ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ട് ഇരട്ടിയാണ് തട്ടിപ്പിലൂടെ ബാങ്കിന് നഷ്‌ടമായിരുക്കുന്നത്. 1,324 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. എന്നാല്‍ തട്ടിപ്പിലൂടെ നഷ്‌ടമായത് 11,300 കോടി രൂപയും. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.