ദില്ലി: 2016 നവംബര്‍ 8ന് രാജ്യത്തെ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ ബാങ്കുകളില്‍ എത്തിയതായി റിപ്പോർട്ട്. റിസർവ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഈ കാര്യം റിപ്പോർട്ടു ചെയ്തത്. നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടിയുടെ ആയിരത്തിന്‍റെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 

എന്നാൽ, കഴിഞ്ഞ മാര്‍ച്ചിനുശേഷം 8,925 കോടി രൂപയുടെ 1000 ആയിരത്തിന്‍റെ നോട്ടുകള്‍ വിപണിയില്‍ ശേഷിക്കുന്നതായി ആര്‍ബിഐ വെളിപ്പെടുത്തിയിരുന്നു. പിൻവലിച്ച ആയിരം രൂപ നോട്ടുകളുടെ 1.3 ശതമാനം മാത്രമാണിതെന്നായിരുന്നു വിലയിരുത്തൽ. പിൻവലിച്ച നോട്ടിന്‍റെ ഗണത്തിൽ 500 രൂപ നോട്ടുകളും ഉൾപ്പെടുന്നതിനാൽ, അസാധു നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിൽ തിരികെയെത്തിത് കള്ളപ്പണം സംബന്ധിച്ച കേന്ദ്രസർക്കാരിന്‍റെ കണക്കുകൂട്ടലുകൾ പാളിയെന്നാണ് തെളിയിക്കുന്നത്.

എന്നാല്‍ 500 നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ഇറങ്ങിയതിനാല്‍. 2017 മാര്‍ച്ചുവരെ 500 നോട്ടുകളുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 1000ത്തിന്‍റെ 99 ശതമാനം നോട്ടുകളും മടങ്ങിയെത്തിയെങ്കില്‍ 500 നോട്ടിന്‍റെ കാര്യത്തിലും വ്യത്യസ്തമായ കണക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 15.4 ലക്ഷം കോടി രൂപയായിരുന്നു നോട്ട് നിരോധനത്തിന്‍റെ സമയത്ത് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 44 ശതമനാനം 1000 നോട്ടുകളും, 500 നോട്ടുകള്‍ 56 ശതമാനവുമായിരുന്നു.

അതേസമയം, നോട്ട് അസാധുവാക്കൽ നടപടിക്കുശേഷം എത്ര നോട്ടുകള്‍ ബാങ്കുകളിലേക്കു തിരികെയെത്തി എന്ന ചോദ്യത്തിനു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല.