പാലക്കാട്: വില കുറയ്ക്കണമെന്ന നിര്‍ദ്ദേശം അട്ടിമറിക്കാന്‍ പുതിയ തന്ത്രം ആവിഷ്കരിച്ച് സംസ്ഥാനത്തെ കോഴി വ്യാപാരികള്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നു. കിലോയ്‌ക്ക് 87 രൂപ നിരക്കിന്‍ ഇന്നു മുതല്‍ കോഴി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് ഒരു തരത്തിലും അംഗീകരിക്കാതിരിക്കാന്‍ കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റുകയാണ്.
ചാലക്കുടി, പാലക്കാട് പ്രദേശങ്ങളില്‍ നിന്ന് വന്‍തോതില്‍ കോഴികളെ ഇന്നലെ രാത്രി തന്നെ തമിഴ്നാട്ടിലേക്ക് കടത്തിക്കഴിഞ്ഞു. ഇപ്പോഴും കോഴിക്കടത്ത് തുടരുകയാണ്. പൊള്ളാച്ചിയിലെ ഫാമുകളിലേക്കാണ് കോഴികളെ മാറ്റുന്നത്. ഇത്രയും നാള്‍ തമിഴ്നാട്ടില്‍ വളര്‍ത്തുന്ന കോഴികളെ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. ഇവിടെ വില കുറയ്ക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ തമിഴ്നാട്ടില്‍ നിന്ന് കോഴി കൊണ്ടുവരുന്നില്ലെന്ന് മാത്രമല്ല ഇവിടെ ഉല്‍പ്പാദിക്കുന്നതും കൂടി തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. 110 മുതല്‍ 120 രൂപ വരെ തമിഴ്നാട്ടില്‍ വില ലഭിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നു മുതല്‍ കോഴി വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുകയാണ്.
