• പുതിയ നികുതി നിര്‍ദ്ദേശങ്ങളുണ്ടാകില്ല
  • അധിക നികുതിയില്ല, അടിസ്ഥാന സൗകര്യവികസനത്തിന് മുൻഗണന

ഒന്നിലധികം പെൻഷൻ വാങ്ങുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കില്ലെന്നും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്നും ധനമന്ത്രി തോമസ് ഐസക്. സാധാരണക്കാരന് ബാധ്യതയാകുന്ന അധിക നികുതി നിര്‍ദ്ദേശങ്ങളും ഇത്തവണത്തെ ബജറ്റിലുണ്ടാകില്ല. ഒരുകാരണവശാലും പെൻഷൻ പ്രായം കൂട്ടില്ലെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഇരട്ടപെൻഷൻ വാങ്ങുന്നവരുടെ പേരുവെട്ടി ക്ഷേമപെൻഷൻ പട്ടിക ചുരുക്കാനുള്ള തീരുമാനത്തിൽ നിന്ന് സര്‍ക്കാര്‍ പിൻമാറുകയാണ് . ഒന്നിലധികം പെൻഷൻ വാങ്ങുന്ന ആര്‍ക്കും നിലവിലെ ആനുകൂല്യം നിഷേധിക്കില്ല. പകരം ചില നിബന്ധനകൾ കൊണ്ടുവരും. സര്‍ക്കാര്‍ നൽകുന്ന ആയിരം രൂപ പെൻഷൻ ഓരോ വര്‍ഷവുംഏറ്റവും ചുരുങ്ങിയത് 100 രൂപയെങ്കിലും കൂട്ടും . 

49.5 ലക്ഷം പെൻഷൻകാരിൽ 14 ലക്ഷം പേരെങ്കിലും ഇരട്ടപെൻഷൻ വാങ്ങുന്നവരോ അനര്‍ഹരോ ആണെന്നാണ് കണ്ടെത്തൽ. ഇരട്ടപെഷൻകാര്‍ക്ക് രണ്ടാമത് വാങ്ങുന്ന തുക 600 രൂപമാത്രമായി നിജപ്പെടുത്താനാണ് തീരുമാനം . അതായത് ഒറ്റപെൻഷനിൽ മാത്രമെ വര്‍ദ്ധനവുണ്ടാകൂ എന്ന് ചുരുക്കം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടലോ , വിരമിക്കൽ തീയതി ഏകീകരിക്കലോ പരിഗണനയിലില്ല. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം രൂക്ഷമാണ് . അധിക നികുതിയോ പുതിയ നികുതി നിർദ്ദേശങ്ങളോ ഉണ്ടാകില്ല. അടിസ്ഥാന സൗകര്യവികസനത്തിന് മുൻഗണന. വാറ്റ് നികുതി പിരിച്ചെടുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കൽ അടക്കം നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നും ധനമന്ത്രി പറയുന്നു.