ചരക്കു സേവന നികുതി നടപ്പാക്കിയതിന് പ്രധാനമന്ത്രിയെ പുകഴ്ത്തി രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി രംഗത്തു വന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുന്നു. അര്‍ദ്ധരാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.
മറ്റൊരു ആഘോഷത്തിന് തയ്യാറെടുത്തു നില്‍ക്കുകയാണ് പാര്‍ലമെന്റ് മന്ദിരം. സ്വാതന്ത്യം കിട്ടിയപ്പോഴാണ് ആര്‍ദ്ധരാത്രി ആദ്യ ആഘോഷം സെന്‍ട്രല്‍ ഹാളില്‍ നടന്നത്. പിന്നീട് സ്വാതന്ത്ര്യത്തിന്റെ 25 ആം വാര്‍ഷികത്തിലും സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചപ്പോഴും സെന്‍ട്രല്‍ ഹാളിന്റെ വാതില്‍ അര്‍ദ്ധരാത്രി തുറന്നു. നികുതി രംഗത്തെ ഏറ്റവും വലിയ പരീക്ഷണത്തിനായി സെന്‍ട്രല്‍ ഹാളില്‍ ഇന്നു നടക്കുന്ന ആഘോഷം ബഹിഷ്ക്കരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇടതുപക്ഷവും സമാജ് വാദി പാര്‍ട്ടിയും,തൃണമൂലും വിട്ടു നില്‌ക്കും. സെന്‍ട്രല്‍ ഹാളിലെ ഈ ആഘോഷത്തോടെ ജിഎസ്ടിയുടെ അര്‍ത്ഥം സ്വയം പ്രമോഷണല്‍ തമാശ എന്നായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
എന്നാല്‍ നികുതി നടപ്പാക്കിയതിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും പുകഴ്ത്തിയത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. തനിക്ക് ചെയ്യാനാവാത്തത് ഈ സര്‍ക്കാരിനു കഴിഞ്ഞെന്ന് പറഞ്ഞ പ്രണബ് മുഖര്‍ജി ഇതിന്റെ തുടക്കം വാജ്പേയി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങില്‍ നിന്നാണെന്ന് വ്യക്തമാക്കിയതും കോണ്‍ഗ്രസിന്റെ അവകാശവാദം ഖണ്ഡിക്കുന്നതായി. മന്‍മോഹന്‍സിംഗ് ചടങ്ങില്‍ നിന്ന് വിട്ടു നില്‌ക്കുമ്പോള്‍ മറ്റൊരു മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഢ പങ്കെടുക്കും. നിതീഷ്കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് ബഹിഷ്ക്കരിക്കില്ലെന്ന് വ്യക്തമാക്കി.
