രാജ്യത്ത് ഹൃദ്രോഗം, പ്രമേഹം , അര്‍ബുദ രോഗ മരുന്നുകളുടെ വില വീണ്ടും കുറയും. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മരുന്നുകളുടെ വിലയാണ് കുറയുന്നത് . ദേശീയ മരുന്ന് വില നിയന്ത്രണ അഥോറിറ്റിയുടെ തീരുമാനം നാളെ ഉണ്ടാകും.


രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും കൂടിയ വിലയുള്ളതുമായ മരുന്നുകള്‍ക്കാണ് വില നിയന്ത്രണം വരുന്നത്. 18 മുതല്‍ 86ശതമാനം വരെയാണ് വിലക്കുറവ് ഉണ്ടാവുക. പ്രമേഹ രോഗികള്‍ക്കുള്ള ഗ്ലൈപ്രൈഡിന്‍റെ വില 91 ല്‍ നിന്ന് 53ലേക്ക് താഴും. ഡോ.റെഡ്ഡിസ് ലബോറട്ടറിയുടെ ഗ്ലൈമിയുടെ വില 84ല്‍ നിന്ന് 50ലെത്തും. ഇന്‍സാറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ സോറിലിന്‍റെ വില 100 ല്‍ നിന്ന് 79ആകും. ഹൃദ്രോഗികള്‍ ഉപയോഗിക്കുന്ന സൈഡസ് കാഡിലയുടെ അറ്റോര്‍വ ഗുളികയുടെ വില 195ല്‍ നിന്ന് 123 ആകും . ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ടെല്‍മ മരുന്ന് വില 176ല്‍ നിന്ന് 140 ആയി താഴും . അര്‍ബുദ ചികില്‍സക്കുപയോഗിക്കുന്ന അസ്ട്രാ സെനേക ഫാര്‍മയുടെ മരുന്ന് വില 29259 ല്‍ നിന്ന് 3977 രൂപയായി കുറയും. 86ശതമാനം വിലക്കുറവ്. ഇങ്ങനെ പ്രമുഖ ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്കാണ് വില നിയന്ത്രണം വരുന്നത്.