പ്രമുഖ ബ്രാന്‍ഡുകളായ സാംസങും എല്‍ജിയും വിലവര്‍ദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞു

തിരുവനന്തപുരം: ഇലക്ട്രോണിക് ഉപകരണങ്ങളുടെ ജിഎസ്ടി 28 ല്‍ നിന്ന് 18 ലേക്ക് കുറച്ചപ്പോള്‍ ആവേശത്തിലായവരുടെ ചിരിമായ്ക്കുന്ന തീരുമാനവുമായി കമ്പനികള്‍. ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും വില കൂട്ടാനുളള തീരുമാനം കമ്പനികള്‍ കൈക്കൊണ്ടതോടെ നികുതി നിരക്കിലുണ്ടായ ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാതെ പോകും. 

രൂപയുടെ മൂല്യമിടഞ്ഞതിനെത്തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണ ഭാഗങ്ങള്‍ക്ക് വിലകൂടിയതിനാലാണ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വില വിര്‍ദ്ധിപ്പിക്കാന്‍ കാരണമായതെന്നാണ് കമ്പനികളുടെ വാദം. വിലയില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വില ഉയര്‍ന്നേക്കും.

പ്രമുഖ ബ്രാന്‍ഡുകളായ സാംസങും എല്‍ജിയും വിലവര്‍ദ്ധന പ്രഖ്യാപിച്ചു കഴിഞ്ഞു. സെപ്റ്റംബറോടെ വിലയില്‍ വര്‍ദ്ധന ദൃശ്യമായി തുടങ്ങിയേക്കാം. ബ്രാന്‍റഡ് ടിവി സെറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ 1,000 രൂപയിലേറെ വര്‍ദ്ധിച്ചേക്കുമെന്നാണറിയുന്നത്. 

പ്രമുഖ ലാപ് ടോപ് നിര്‍മ്മാതാക്കളായ ലനോവ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ വിലവര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്.