എപ്രില്‍ ഒന്നു മുതൽ എസ്‌.ബി.റ്റി ഇല്ല പകരം എസ്‌.ബി.ഐ. ഓരോ മലയാളിക്കും ഒരക്ഷരത്തിന്‍റെ ആദേശസന്ധി പറഞ്ഞുള്ള കളിയല്ല ഇത്; മറിച്ച് അവന്‍റെ വീട്ടിലെയും തൊഴിലിടത്തിലേയും കച്ചവടത്തിലെയും ഒക്കെ ഒരു തിരുവിതാംകൂർ ചൂരാണ് നഷ്ടമാകുന്നത്.  'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിൽ സ്ഥാപിയ്ക്കപ്പെട്ട എസ്‌ .ബി.ഐയിലേക്ക് ഒഴുകിചേരുമ്പോൾ തിരുവനന്തപുരത്തെ പൂജപ്പുര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്‌ .ബി.റ്റി  ബാക്കിയാകുന്നത് കേരളീയ ബാങ്കിങ് മേഖലയിലെ ഒരുകൂട്ടം ഓർമ്മകൾ കൂടിയാണ്.

1945 സെപ്തംബർ 12ന്; രാജഭരണത്തിലായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിൽ ഒരു കോടി രൂപ മൂലധനത്തിൽ   ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിലാണ്  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്ഥാപിതമായത്. 1946 ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കാകുകയും 1960 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി.ഐ) യുടെ അസോഷ്യേറ്റ്  ബാങ്കായിക്കൊണ്ട്  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന എസ്‌.ബി.റ്റി കേരളത്തിലെ  ബാങ്കിങ് മേഖലയുടെ നേടും തൂണായി മാറി . തുടർന്ന് നിരവധി പ്രാദേശിക ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ലയിപ്പിക്കുകയുണ്ടായി.

 അങ്ങനെ എസ്‌ബിറ്റിയിലേക്ക് ലയിപ്പിച്ച ബാങ്കുകളിൽ ഒന്നാണ് അടൂർ ബാങ്ക്. 2017 ഏപ്രിൽ ഒന്നിന് എസ്‌ബിറ്റി എന്ന പേര് ഇല്ലാതാകുമ്പോൾ അന്ന് ഓരോ  അടൂരുകാരനു മുണ്ടായ വിഷമം എല്ലാ മലയാളികൾക്കുണ്ടാകുമോ എന്ന് സംശയമാണ്. ഇപ്പോൾ പത്തനംതിട്ട ജില്ലയിലുള്ള അടൂർ കേന്ദ്രമാക്കി 1927 ലാണ് ഈ ബാങ്ക് സ്ഥാപിതമായത്.  അറപ്പുരയിൽ ഗീവർഗീസിന്റെ മകൻ എ.ജി.ചാക്കോ ആരംഭിച്ച ഈ ബാങ്കിന്‍റെ പ്രാരംഭ മൂലധനം 15 ലക്ഷം രൂപയായിരുന്നു.തുടക്കത്തിൽ 11 ശാഖകളുമായിട്ടായിരുന്നു അടൂർ ബാങ്ക് ഇടപാടുകാരിലേക്കെത്തിയിരുന്നത്.

കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട, കായംകുളം, പത്തനാപുരം, പന്തളം,ഏനാത്ത്, പറക്കോട്, കൊല്ലം   തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആ ശാഖകൾ പ്രവർത്തിച്ചിരുന്നത്. 1961 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ലയിക്കുമ്പോൾ അടൂർ ബാങ്കിന് 33 ബ്രാഞ്ചുകളാണുണ്ടായിരുന്നത്.  ഇത്തരത്തിൽ നിരവധി പ്രാദേശിക ബാങ്കുകൾ ചേർന്ന് രൂപമെടുത്ത ഇന്നത്തെ എസ്.ബി. ടി അഥവാ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്‌ .ബി .ഐ യിൽ ലയിക്കുമ്പോൾ രൂപംകൊള്ളുന്നത് മറ്റൊരു ചരിത്രമാണ്.

ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, ഇന്തോ-മർക്കന്റയിൽ ബാങ്ക്,വാസുദേവവിലാസം ബാങ്ക് ,കൊച്ചിൻ നായർ ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, ചമ്പക്കുളം കാത്തലിക് ബാങ്ക്, ബാങ്ക് ഓഫ് ആലുവ, കോട്ടയം ഓറിയന്റ് ബാങ്ക്, ലാറ്റിൻ ക്രിസ്ത്യൻ ബാങ്ക്, കാൽഡിയൻ സിറിയൻ ബാങ്ക് തുടങ്ങിയവയാണു എസ്‌.ബി.റ്റിയിൽ  ലയിപ്പിച്ചത്.ട്രാവൻകൂർ ബാങ്ക് ആരംഭിക്കുന്ന സമയത്ത് ഇംപരിയൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ദേശീയ ബാങ്കുകൾ മാത്രമായിരുന്നു തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്നത് മറ്റുള്ളവയെല്ലാം അടൂർ ബാങ്ക് പോലെയുള്ള പ്രാദേശിക ബാങ്കുകളായിരുന്നു. 

ജനനൻമ ലക്ഷ്യമിട്ട് ശ്രീ. ചിത്തിര തിരുനാൾ സ്ഥാപിച്ച എസ്.ബി.റ്റി യുടെ നാൾവഴികളെ കുറിച്ചുള്ള അറിവ് നാളത്തെ തലമുറയ്ക്ക്  പകർന്നു നൽകാൻ ഒരിടം മാറ്റി വച്ചാണ് എസ്‌ .ബി.റ്റി യാത്രയാകുന്നത് . തിരുവനന്തപുരം കവടിയാറിലെ ഗോൾഫ്ക്ലബിലേക്കുള്ള വഴിയിൽ ടെന്നീസ് ക്ലബിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.റ്റി യുടെ "ഫൂട്ട്പ്രിന്റ്സ്" എന്ന ബാങ്കിംഗ് മ്യൂസിയമാണ്‌ ഈ ഓർമ്മകളുമായി  നിങ്ങളെ ഇനി കാത്തിരിക്കുക. 

പ്രാദേശിക വാസികൾക്ക് പോലും നിലവിൽ ഏറെ പരിചിതമല്ലാത്ത  ഈ സ്ഥാപനം ഓരോ മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്.വിനോദയാത്രയുടെ ഭാഗമായോ അല്ലാതെയോ  തിരുവനന്തപുരത്ത് എത്തുന്നവർ ഈ സ്ഥലം കൂടി നിങ്ങളുടെ സന്ദർശിക്കേണ്ട സ്ഥലപട്ടികയിൽ ഉൾപ്പെടുത്തിയാൽ നഷ്ടമുണ്ടാകില്ല മറിച്ച് ബാങ്കിംഗ് മേഖലയുടെ കേരള പാരമ്പര്യം കണ്ടറിഞ്ഞ് അഭിമാനിക്കാം; ഒരു മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി  ലോൺ  അനുവദിച്ച തലയെടുപ്പുള്ള ബാങ്കിന്റെ മഹത്തായ പാരമ്പര്യം.