സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെയുള്ള ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്റേഴ്‍സ് ബില്ല് അടുത്തുതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കവെയാണ് വായ്പകള്‍ അനുവദിക്കുന്നതിന് കൂടുതല്‍ ശക്തമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത്.

ദില്ലി: ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നവരില്‍ നിന്ന് പാസ്‍പോര്‍ട്ട് വിവരങ്ങള്‍ കൂടി ശേഖരിക്കാനാണ് പ്രധാന തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും ഉടന്‍ തന്നെ സര്‍ക്കാര്‍ കൈമാറും.

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെയുള്ള ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്റേഴ്‍സ് ബില്ല് അടുത്തുതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കവെയാണ് വായ്പകള്‍ അനുവദിക്കുന്നതിന് കൂടുതല്‍ ശക്തമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത്. ബാങ്കുകള്‍. ഇന്റലിജന്‍സ് ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ തമ്മില്‍ മെച്ചപ്പെട്ട ഏകോപനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഏതെങ്കിലും അക്കൗണ്ടുകളെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിലോ അല്ലെങ്കില്‍ സംശയകരമായ ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലോ അത് ഉടന്‍ തന്നെ അന്വേഷണ ഏജന്‍സികളെ അറിയിക്കാന്‍ സാധിക്കും. ഇതിലൂടെ ബാങ്കുകളെയും അന്വേഷണ ഏജന്‍സികളെയും കബളിപ്പിച്ച് തട്ടിപ്പുകാര്‍ രാജ്യം വിടുന്നത് തടയാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ കണക്ക്കൂട്ടല്‍. ഇതിന് വേണ്ടിയാണ് വായ്പയെടുക്കുന്നവരുടെ പാസ്‍പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കൂടി ശേഖരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.