നോട്ട് അസാധുവാക്കിയ തീരുമാനത്തെക്കുറിച്ചുള്ള 10 ചോദ്യങ്ങളാണ് പ്രഫ. കെ.വി തോമസ് അധ്യക്ഷനായ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന് നല്‍കിയിരിക്കുന്നത്. ആര്‍ബിഐയുടെ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ഇത് ശരിമാണോ? എങ്കില്‍ എന്തിനാണ് ഇത്തരമൊരു തീരുമാനമെടുത്തത്? തീരുമാനത്തിലൂടെ രാജ്യത്തിന് എന്ത് ഗുണമാണുണ്ടായത്? നവംബര്‍ എട്ടിന് അടിയന്തരയോഗം വിളിക്കാനുള്ള നോട്ടീസ് നല്‍കിയത് എന്നാണ്? എത്ര രൂപയുടെ പഴയ നോട്ടുകളാണ് ബാങ്കുകളിലേക്ക് തിരിച്ചെത്തിയത്? വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് എന്ത് കൊണ്ട് മറുപടി നല്‍കിയില്ല? തുടങ്ങിയ ചോദ്യങ്ങളാണ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയിലെ ഭൂരിപക്ഷം വരുന്ന ബി.ജെ.പി അംഗങ്ങള്‍ പോലും തീരുമാനത്തെ ചോദ്യം ചെയ്തില്ലെന്ന് ചെയര്‍മാന്‍ പ്രഫ. കെ.വി തോമസ് പറഞ്ഞു.

ഇതിനിടെ നോട്ട് അസാധുവാക്കിയതിന് ശേഷം ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലായെന്ന അവകാശവാദവുമായി ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി രംഗത്തെത്തി. ചില രാഷ്‌ട്രീയ നേതാക്കള്‍ കള്ളപ്പണത്തെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. അതിനാല്‍ പ്രതിപക്ഷത്തിന് കറന്‍സി വഴി ഇടപാട് നടത്തണമെന്നാണ് ആഗ്രഹം. എന്നാല്‍ രാജ്യത്തിന്റെ ഭാവിക്ക് ഡിജിറ്റല്‍ ഇടപാടാണ് നല്ലതെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇതിനിടെ നോട്ട് അസാധുവാക്കിയതിന് മുമ്പ് എപ്രില്‍ ഒന്നിനും നവംബര്‍ ഒന്‍പതിനും ഇടയില്‍ വന്ന നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ബാങ്കുകളോടും പോസ്റ്റ് ഓഫീസുകളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടു.