ദോഹ: ഉപരോധം കൊണ്ടുവന്നാലും ഖത്തറിന്റെ കറന്‍സിയേയോ നിലവിലെ സമ്പദ് വ്യവസ്ഥയെയോ ഒരു ചുക്കും ബാധിക്കില്ലെന്ന് ഖത്തര്‍ ധനമന്ത്രി. തങ്ങളുടെ കരുതല്‍ നിക്ഷേപവും, കരുതല്‍ ധനവും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 250 ശതമാനം വരുമെന്നും ഖത്തര്‍ റിയാലിന്‍റെ മൂല്യമിടിയുമെന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ധനമന്ത്രി അലി ഷെറീഫ് അല്‍ ഇമാദി പറഞ്ഞു.
നാലു രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും രാജ്യത്തെ വിനിമയ ഇടപാടുകള്‍ ഇപ്പോഴും സാധാരണ നിലയില്‍ തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പ്രകൃതിദത്ത ഗ്യാസ് ഉല്‍പ്പാദകരില്‍ ഒന്നാമന്മാരായ ഖത്തറിന് നിലവിലെ പ്രതിസന്ധി മറികടക്കാന്‍ തങ്ങളുടെ ആഗോള നിക്ഷേപങ്ങള്‍ വില്‍ക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളയുന്നതാണ് ഖത്തര്‍ ധനകാര്യമന്ത്രിയുടെ പ്രസ്താവന. കടക്കെണിയിലാകുമെന്നും സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം പോകുമെന്നുമുള്ള ജനങ്ങളുടെ ആശങ്കയെ പരിഹരിക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍.
വന്‍കിടക്കാരായ ബാര്‍ക്‌ളേയ്‌സിനും ഗ്‌ളെന്‍കോറിനും വരെ വന്‍ നിക്ഷേപമുള്ള രാജ്യമാണ് ഖത്തര്‍. റിയാലിന്റെ മൂല്യം ഇടിയും എന്ന തരത്തിലുള്ള വാര്‍ത്തകളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ ആവശ്യമായ കരുതല്‍ നിക്ഷേപം ബാങ്കിന്റെ കൈവശം ഉണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചാല്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ പര്യാപ്തമാണ് ഖത്തറിലെ ബാങ്കുകള്‍. എന്നാല്‍ വിദേശകടം സ്വീകരിക്കുന്നതിലുണ്ടാകുന്ന തടസ്സം ബാങ്കുകളുടെ കടം നല്‍കാനുള്ള ശേഷിയെ ബാധിച്ചേക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
