ദില്ലി: റിസര്‍വ് ബാങ്കിന്റെ പേരില്‍ വരുന്ന വ്യാജ മെയിലുകളില്‍ കുടുങ്ങി കബളിപ്പിക്കലിന് ഇരയാകരുതെന്നു മുന്നറിയിപ്പ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. റിസര്‍വ് ബാങ്ക് പൊതുജനങ്ങളില്‍നിന്നു പണം സ്വീകരിക്കുന്നില്ലെന്നും, പണം ആവശ്യപ്പെട്ടുള്ള മെസെജുകള്‍, ഇ-മെയിലുകള്‍ എന്നിവയില്‍ കുടുങ്ങരുതെന്നും അദ്ദേഹം പറയുന്നു.
ഇത്തരത്തിലുള്ള മെയിലുകള്‍ ലഭിച്ചെന്നു കാട്ടി ഇന്നു ലഭിച്ച പത്തോളം പരാതികള്‍ പരിശോധിച്ച ശേഷമാണ് രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കുന്നത്. പൊതുജനങ്ങളില്‍നിന്നു പണം ആവശ്യപ്പെടുന്ന രീതിയില്‍ റിസര്‍വ് ബാങ്ക് ഒരിക്കലും സന്ദേശങ്ങള്‍ അയക്കില്ല. റിസര്‍വ് ബാങ്കിന്റെ പക്കല്‍ 360 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ കരുതല്‍ശേഖരമുണ്ട്. സര്‍ക്കാര്‍ ബോണ്ടുകളായി എട്ടു ലക്ഷം കോടി രൂപ വേറെയും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളില്‍നിന്നു പണം ആവശ്യപ്പെടേണ്ടതില്ല - രാജന്‍ പറയുന്നു.
പണം ആവശ്യപ്പെടുന്ന മറ്റു തട്ടിപ്പുകളുമുണ്ട്. 50 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടുണ്ടെന്നും, അതു ലഭിക്കുന്നതിനുള്ള ട്രാന്‍സാക്ഷന്‍ ചെലവായി ഇരുപതിനായിരം രൂപ അടയ്ക്കണമെന്നുമൊക്കെ കാണിച്ച് വ്യാജ മെയിലുകള്‍ വരുന്നുണ്ട്. ഇത്തരത്തിലുള്ള മെസെജുകളൊന്നും ഒരിക്കലും റിസര്‍വ് ബാങ്ക് അയക്കില്ല - അദ്ദേഹം വ്യക്തമാക്കി.
